ഡ്യുവൽ ക്യാമറ, മെച്ചപ്പെട്ട ബാറ്ററി ബാക്ക്അപ്പ്; വമ്പൻ മാറ്റങ്ങളുമായി ഐഫോൺ എയർ 2 അടുത്ത വർഷം വിപണിയിലെത്തും
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ഐഫോൺ എയർ 2 അടുത്ത വർഷം വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒറിജിനൽ മോഡലിലെ പ്രധാന പോരായ്മകൾ പരിഹരിച്ചുകൊണ്ട് മൂന്ന് വലിയ അപ്‌ഗ്രേഡുകളോടെയാണ് ഈ ഫോൺ എത്തുന്നതെന്ന് ബ്ലൂംബർഗിന്റെ പ്രശസ്ത ടെക് നിരീക്ഷകൻ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. വി62 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഡിവൈസ് നിലവിൽ വിപുലമായ പരീക്ഷണ ഘട്ടത്തിലാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ആദ്യ ഐഫോൺ എയർ ആപ്പിളിന്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോൺ എന്ന നിലയിൽ ശ്രദ്ധ നേടിയെങ്കിലും ചില പരിമിതികൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വില കുറഞ്ഞ ഐഫോൺ 17ൽ പോലും ഡ്യുവൽ ക്യാമറ ഉള്ളപ്പോൾ എയർ മോഡലിൽ ഒറ്റ ക്യാമറ മാത്രമാണുണ്ടായിരുന്നത്. ഈ പോരായ്മകൾ പരിഹരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.
ഐഫോൺ എയർ 2വിൽ വരാനിരിക്കുന്ന പ്രധാന അപ്ഡേറ്റുകൽ എന്തൊക്കെയാണെന്ന് നോക്കാം;
ഡ്യുവൽ ക്യാമറ
മുൻ മോഡലിലെ സിങ്കിൾ 48 എംപി വൈഡ് ലെൻസിനൊപ്പം പുതിയൊരു അൾട്രാ-വൈഡ് ലെൻസ് കൂടി ഉൾപ്പെടുത്തി ഡ്യുവൽ ക്യാമറ സജ്ജീകരണവുമായാണ് ഐഫോൺ എയർ 2 എത്തുന്നത്. ഉപയോക്താക്കൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന പ്രധാന മാറ്റമാണിത്. എങ്കിലും ഇതിൽ ടെലിഫോട്ടോ ലെൻസ് ഉണ്ടാകില്ല.
മെച്ചപ്പെട്ട ബാറ്ററി ബാക്ക്അപ്പ്
ഒറിജിനൽ ഐഫോൺ എയറിന്റെ മറ്റൊരു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ബാറ്ററി ലൈഫ് ആയിരുന്നു. പുതിയ മോഡലിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആപ്പിൾ ലക്ഷ്യമിടുന്നുണ്ട്. വലിയ ബാറ്ററിയാണോ അതോ സ്മാർട്ടായ സോഫ്റ്റ്‌വെയർ എഫിഷ്യൻസിയാണോ ഇതിന് ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി പ്രകടനം മെച്ചപ്പെടും.
ശക്തമായ A20 പ്രോ ചിപ്പ്
ആപ്പിളിന്റെ പുതിയ 2nm പ്രോസസ്സിൽ നിർമ്മിച്ച A20 പ്രോ ചിപ്പ് ഇതിൽ ഉൾപ്പെടുത്തും. ഈ വർഷം വിപണിയിലെത്തുന്ന ഐഫോൺ 18 പ്രോയിൽ ഉപയോഗിക്കുന്ന അതേ സിലിക്കൺ ചിപ്പ് തന്നെയാണ് എയർ 2-വിലും സജ്ജീകരിക്കുന്നത്. ഫോണിന്റെ കട്ടി കൂട്ടാതെ തന്നെ മികച്ച പെർഫോമൻസും കൂടുതൽ ബാറ്ററി ബാക്കപ്പും നൽകാൻ ഇത് സഹായിക്കും.
ഫോണിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല. നിലവിലെ മോഡലിന് സമാനമായ സ്ലിം ഡിസൈൻ തന്നെയാകും പുതിയ എയർ 2-വിനും ഉണ്ടായിരിക്കുക. അടുത്ത വർഷം ആദ്യം ഐഫോൺ 18നൊപ്പമായിരിക്കും ഐഫോൺ എയർ 2 വിപണിയിലെത്തുകയെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.