പ്രതീകാത്മക ചിത്രം

സ്പർശനത്തിലൂടെ സാധ്യമായ വിപ്ലവം

ഡിജിറ്റൽ യുഗത്തിലെ അത്ഭുതങ്ങളിലൊന്നാണ് ടച്ച് സ്​ക്രീനുകൾ. മൊബൈൽ ഫോണുകൾ, ടാബ്‍ലറ്റുകൾ, എ.ടി.എം മെഷീനുകൾ, കിയോസ്കുകൾ തുടങ്ങി എല്ലായിടത്തും നമ്മൾ ടാപ്പ് ചെയ്തും സ്വൈപ് ചെയ്തുമൊക്കെയാണ് കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പുറമെനിന്ന് നോക്കുമ്പോൾ ഏറ്റവും ലളിതമായൊരു പ്രക്രിയ. ഒരു പ്രതലത്തിൽ ഒരു വിരൽ കൊണ്ട് മൃദുവായി സ്പർശിക്കുന്നു. ആ സ്പർശനത്തിലൂടെ ഒരു യന്ത്രം​ പ്രവർത്തിക്കുന്നു. എന്താണ് ആ​ പ്രവർത്തനത്തിനു പിന്നിലുള്ള ശാസ്ത്രമെന്നറിയാമോ? ഭൗതികശാസ്ത്രം, വൈദ്യുതിശാസ്ത്രം, സോഫ്റ്റ്‌വെയർ എൻജിനീയറിങ് എന്നിവയുടെ സംയോജനങ്ങൾക്കൊപ്പം മനുഷ്യശരീരത്തിന്റെ ചില പ്രത്യേകതകൾകൂടി ചേരുമ്പോൾ ഈ ചോദ്യത്തിന് ഉത്തരമാകും.

സ്പർശനത്തിന്റെ പിന്നിലെ ശാസ്ത്രം

ടച്ച്‌സ്‌ക്രീൻ സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്ത്വമായി പറയുന്നത് ‘ക്യാപാസിറ്റീവ് ടച്ച്’ എന്ന ആശയമാണ്. ഇന്നത്തെ സ്മാർട്ട്‌ഫോണുകളുടെ ഭൂരിഭാഗവും കപാസിറ്റൻസ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ചാർജിനെ ഒരു പദാർഥം എങ്ങനെ ശേഖരിക്കുന്നുവെന്നതാണ് കപാസിറ്റൻസ്. ഒരു ടച്ച്‌സ്‌ക്രീൻ ഉപരിതലത്തിൽ ഒരു ഇലക്ട്രോസ്റ്റാറ്റിക് ഫീൽഡ് തുടർച്ചയായി നിലനിൽക്കുന്നു. മനുഷ്യശരീരം സ്വാഭാവികമായി വൈദ്യുതിയെ കൈമാറുന്ന ഒരു മാധ്യമമാണ്. അതിനാൽ, വിരൽ സ്ക്രീനിൽ സ്പർശിക്കുമ്പോൾ, ആ ഇലക്ട്രോസ്റ്റാറ്റിക് ഫീൽഡിൽ ചെറിയ മാറ്റം സംഭവിക്കുന്നു. ഈ മാറ്റം സ്ക്രീനിലെ സെൻസറുകൾ തിരിച്ചറിയുന്നു. ഫീൽഡിലെ വ്യത്യാസത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി, അതിനെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുകയാണ് ടച്ച് സ്ക്രീൻ സാ​ങ്കേതിക വിദ്യ. അതിനാൽ, ടാപ്പ് അല്ലെങ്കിൽ സ്വൈപ് എന്നതൊക്കെ യാഥാർഥ്യത്തിൽ നിങ്ങളുടെ വിരലിലൂടെ സംഭവിക്കുന്ന ഒരു വൈദ്യുതി വ്യതിയാനമാണ്.

പലപ്പോഴും കൈയുറ ധരിച്ച് ടച്ച് ചെയ്താൽ സ്ക്രീൻ പ്രവർത്തിക്കില്ല. കാരണം, ടച്ച്‌സ്‌ക്രീൻ പ്രവർത്തിക്കാൻ ആവശ്യമായത് ‘കണ്ടക്ടിവിറ്റി’ ആണ്.അ ഥവാ വൈദ്യുതിയെ കൈമാറാനുള്ള കഴിവ്. മനുഷ്യ ചർമം ഇത് ചെയ്യുന്നു. എന്നാൽ, സാധാരണ ഗ്ലൗസുകൾ അതിനെ തടയുന്നു. അതുകൊണ്ടാണ് ചില പ്രത്യേക ‘ടച്ച് ഗ്ലൗസുകൾ’ അല്ലെങ്കിൽ ‘ക്യാപാസിറ്റീവ് സ്റ്റൈലസ്’ ഉപയോഗിക്കുമ്പോൾ മാത്രമേ സ്ക്രീൻ പ്രതികരിക്കൂ.

പഴയ കാലത്തെ ടച്ച്‌സ്‌ക്രീനുകൾ പ്രത്യേകിച്ച് എ.ടി.എം മെഷീനുകളിലോ പഴയ മൊബൈലുകളിലോ ഉപയോഗിച്ചിരുന്നത് ‘റെസിസ്റ്റീവ്’ സാങ്കേതിക വിദ്യയാണ്.

അതിൽ സ്ക്രീനിന്റെ രണ്ട് പാളികൾ തമ്മിൽ അമർത്തിയാൽ മാത്രമേ പ്രതികരണം ഉണ്ടാകൂ. ഇന്നത്തെ ക്യാപാസിറ്റീവ് സ്ക്രീനുകൾക്ക് അത്തരമൊരു പ്രഷർ ആവശ്യമില്ല. ഒരു ചെറിയ സ്പർശം മതി. ഇതാണ് സ്മൂത്ത് അനുഭവത്തിന്റെ പ്രധാന കാരണം.

Tags:    
News Summary - What happens when you touch a touch screen? What's the science behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.