ഡാറ്റ ആവശ്യമില്ലാത്തവരാണോ? കുറഞ്ഞ നിരക്കിൽ വോയ്സ്–എസ്.എം.എസ് റീചാർജ് സൗകര്യം ലഭ്യമാക്കാൻ ട്രായ്

ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളിൽ ഡാറ്റ വേണ്ടാത്തവർക്ക് കുറഞ്ഞ നിരക്കിൽ വോയ്സ്-എസ്.എം.എസ് റീചാർജ് സൗകര്യം ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. പുതിയ ചട്ട പ്രകാരം ടെലികോം സേവനദാതാക്കൾ, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ 30 ദിവസമോ അതിൽ താഴെയോ ഉള്ള ഓരോ വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്-എസ്.എം.എസ് മാത്രം ഉൾപ്പെടുന്ന സ്പെഷൽ താരിഫ് ലഭ്യമാക്കണം.

കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്-എസ്.എം.എസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്-എസ്.എം.എസ് പ്ലാനും ലഭ്യമാക്കണം. ഡാറ്റ സേവനം ഒഴിവാക്കുന്നതിനനുസരിച്ച് ഇത്തരം വൗച്ചറുകളിൽ അനുയോജ്യമായ നിരക്കിളവും ഉണ്ടാകണമെന്ന് പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 2026 ഏപ്രിൽ ഏഴിന് കരട് ഭേദഗതി സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായം തേടുകയും 1,132 പ്രതികരണങ്ങൾ ലഭിക്കുകയും ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്.

ട്രായിയുടെ വിലയിരുത്തലിൽ, പുതിയ സംവിധാനം കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തെരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരം നൽകും. ഡാറ്റാ സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് ഡാറ്റ ഉൾപ്പെടെ റീചാർജ് പ്ലാനുകൾ നിർബന്ധമായി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കി, വോയ്സ്-എസ്.എം.എസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന റീചാർജ് പദ്ധതികൾ ലഭ്യമാക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പാർലമെന്റിലെ ഇടപെടലാണ് ഫലം കണ്ടത്.

മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർ, സാധാരണ ഉപഭോക്താക്കൾ, അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകൾ വാങ്ങേണ്ടിവരുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടിയിരുന്നു. 2026 മാർച്ച് 11നാണ് അദ്ദേഹം ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് പൊതുജനാഭിപ്രായം തേടി നടപടി പൂർത്തിയാക്കി പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്.

Tags:    
News Summary - TRAI mandates shorter‑validity voice, SMS STVs to ensure choices for low-income consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.