ഇനി ചാറ്റിങ് കൂടുതൽ സുരക്ഷിതമാകും; എക്സ് നമ്പർ അവതരിപ്പിച്ച് എക്സ് പ്ലാറ്റ്ഫോം
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് എക്സ് പ്ലാറ്റ്ഫോം. വ്യക്തിഗത ഫോൺ നമ്പർ നൽകാതെ തന്നെ എക്സ് ചാറ്റ് വഴി പരസ്പരം സന്ദേശങ്ങൾ അയക്കാനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനും സഹായിക്കുന്ന എക്സ് നമ്പറുകൾ എന്ന പുതിയ സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
പേരിൽ നമ്പർ എന്നുണ്ടെങ്കിലും ഇതൊരു യഥാർത്ഥ ഫോൺ നമ്പറല്ല. ഉപയോക്താക്കൾക്ക് നിർമ്മിക്കാൻ കഴിയുന്ന ഒരു പ്രൈവറ്റ് ആക്സസ് കോഡ് മാത്രമാണ്. പരസ്പരം ഫോളോ ചെയ്യാത്ത അക്കൗണ്ടുകൾക്കും, ചാറ്റ് ഇൻബോക്സ് ക്ലോസ് ചെയ്തിരിക്കുന്ന ആളുകൾക്കും ഈ എക്സ് നമ്പർ ഉപയോഗിച്ച് കോണ്ടാക്ട് ചെയ്യാവുന്നതാണ്.
സാധാരണയായി അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളായാണ് ലഭിക്കാറുള്ളത്. എന്നാൽ എക്സ് നമ്പർ വഴി വരുന്ന സന്ദേശങ്ങൾ നേരിട്ട് ഇൻബോക്സിലേക്ക് തന്നെ എത്തും. ഈ കോഡ് ഏതുസമയത്തും ഉപയോക്താവിന് മാറ്റാനോ അല്ലെങ്കിൽ ഓഫാക്കാനോ സാധിക്കും. കോഡ് പുതുക്കുമ്പോൾ പഴയ കോഡ് കൈവശമുള്ള ആളുകൾക്ക് തുടർന്ന് മെസ്സേജ് അയക്കാൻ സാധിക്കില്ല.
മുമ്പ് മെസ്സേജ് അയച്ചിട്ടുള്ളവർക്ക് നിങ്ങളുടെ എക്സ് നമ്പർ കാണാൻ സാധിക്കും. ഇത് ഒഴിവാക്കാനായി സെറ്റിംഗ്സിൽ Hide from others എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്.
എക്സ് നമ്പർ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം;
- എക്സ് ആപ്പിലെ ചാറ്റ് ഓപ്പൺ ചെയ്യുക
- ആവശ്യപ്പെടുകയാണെങ്കിൽ ചാറ്റ് പിൻ നൽകുക
- ഇൻബോക്സ് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നമ്പർ എന്നത് തിരഞ്ഞെടുക്കുക
- ഇവിടെ നിന്ന് കോഡ് എനേബിൾ ചെയ്യാനും ആവശ്യമുള്ളവർക്ക് പങ്കുവെക്കാനും സാധിക്കും
എവരിതിംഗ് ആപ്പ് എന്ന ലക്ഷ്യത്തിലേക്ക് ചൈനയിലെ വിചാറ്റ് മാതൃകയിൽ എക്സിനെ മാറ്റാനുള്ള ഇലോൺ മാസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മാറ്റം. വാട്സാപ്പ്, ടെലഗ്രാം, തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ ഫീച്ചറിന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.