യൂട്യൂബ് ചാനലിന്‍റെ റീച്ച് കൂട്ടാൻ ഒമ്പത് വയസ്സുകാരൻ ചെലവഴിച്ചത് 1.13 കോടി രൂപ; ഒടുവിൽ ചാനലിന് പൂട്ടിട്ട് പിതാവ്
യൂട്യൂബ് ചാനലിന്‍റെ റീച്ച് കൂട്ടാൻ ഒമ്പത് വയസ്സുകാരൻ ചെലവഴിച്ചത് 1.13 കോടി രൂപ. അച്ഛന്‍റെ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് മൈറ്റി മൈക്ക് പ്ലേയ്സ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഈ കുഞ്ഞു വിരുതൻ ഇത്രയും പണം ചെലവഴിച്ചത്. കമ്പനി മാനേജരും ധനകാര്യ വിഭാഗവുമായും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മകൻ ഒരു കോടിയിലധികം രൂപ യൂട്യൂബിൽ റീച്ച് കൂട്ടാൻ ഉപയോഗിച്ച വിവരം പിതാവായ ഡേവിഡ് അറിഞ്ഞത്.
ഡേവിഡ് തന്നെയാണ് തുടക്കത്തിൽ മകനെ ചാനലിന് വ്യൂസ് കൂട്ടാൻ യൂട്യൂബിൽ പരസ്യങ്ങൾ നൽകാൻ പഠിപ്പിച്ചത്. റോബ്ലോക്സ്, മൈൻക്രാഫ്റ്റ് എന്നീ ഗെയിമുകളുടെ വീഡിയോകൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനലാണ് മൈക്കിന്‍റേത്. ഡേവിഡ് 2000 രുപ ചെലവാക്കി മകന്‍റെ ചാനലിനു വേണ്ടി ഒരു ചെറിയ പരസ്യപ്രചാരണം നടത്തുകയും ഇതിനെ കുറിച്ച് മകനെ പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു.
എന്നാൽ ഇതിനായി ഉപയോഗിച്ച കമ്പനി ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാൻ ഡേവിഡ് മറന്നു. ഇതോടെ കമ്പനിക്കും ഇയാൾക്കും ലഭിച്ചത് 1.13 കോടി രൂപയുടെ ബില്ലാണ്. 9 വയസ്സുകാരനായ മകൻ അറിയാതെ നടത്തിയ പരസ്യ പ്രചാരണങ്ങളാണ് മൂന്ന് ആഴ്ചക്കുള്ളിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചത്. ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകളെക്കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ കുട്ടിക്ക് ധാരണയുണ്ടായിരുന്നില്ല.
മൂന്ന് ആഴ്ചകൾക്ക് ശേഷം കമ്പനിയിലെ ഫിനാൻസ് ടീമും മാനേജരും ഡേവിഡിനെ അടിയന്തര യോഗത്തിന് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകന്റെ ഗെയിമിങ് വീഡിയോകൾ പ്രൊമോട്ട് ചെയ്യാനായി കമ്പനിയുടെ കാർഡിൽ നിന്ന് 1.13 കോടി രൂപ ചെലവഴിച്ചതായി കമ്പനി അധികൃതർ ഡേവിഡിനെ അറിയിച്ചു.
സംഭവം കൈവിട്ടുപോയതോടെ, മൈറ്റി മൈക്ക് പ്ലേ ഇസ് ഓവർ എന്ന തലക്കെട്ടിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഡേവിഡ് കാര്യങ്ങൾ വിശദീകരിക്കുകയും മകന്റെ യൂട്യൂബ് ചാനൽ പൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്തു. കുട്ടിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ ഉപരി കമ്പനി കാർഡ് വിവരങ്ങൾ നീക്കം ചെയ്യാതെ സൂക്ഷിച്ചുവെച്ച തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് ഡേവിഡ് പരസ്യമായി സമ്മതിച്ചു. ഫോണുകളിലും ടാബുകളിലും ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഓട്ടോ സേവ് ചെയ്തുവെക്കുന്നത് കുട്ടികളുടെ കൈകളിൽ ഉപകരണങ്ങൾ എത്തുമ്പോൾ വലിയ സാമ്പത്തിക അപകടങ്ങൾക്ക് വഴിവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.