അമേരിക്ക ദശലക്ഷക്കണക്കിന് ഡോളർ മുതൽ മുടക്കി വമ്പൻ സാങ്കേതിക വിദ്യ നിർമിക്കും, ചൈന കുറഞ്ഞ മുതൽ മുടക്കിൽ അതിന്റെ അനുകരണമിറക്കും. ഇത്തവണയും പതിവ് തെറ്റിയില്ല. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഡീപ്സീക്ക് ആർ1. ചോദിക്കുന്നതിന് കൃത്യമായി ഉത്തരം നൽകുന്ന എ.ഐ ചാറ്റ്ബോട്ട്. പുറത്തിറങ്ങി ഒരാഴ്ചക്കുള്ളിൽ ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി, ഗൂഗ്ളിന്റെ ജെമിനൈ പോലുള്ള വമ്പൻമാരെ പിന്തള്ളി ആപ്പിൾ സ്റ്റോറിലെ ഡൗൺലോഡിൽ മുന്നിലെത്തി. ഡീപ്സീക്കിന്റെ വരവിന് മുന്നിൽ അടിതെറ്റിയവരിൽ എ.ഐ കമ്പനികൾ മാത്രമല്ല, വൻകിട ചിപ്പ് നിർമാതാക്കളായ എൻവിഡിയ പോലുള്ള ടെക് കമ്പനികളുമുണ്ട്.
ടെക് മേഖലക്കൊപ്പം ഓഹരി വിപണികളും ഡീപ്സീക്ക് ഉയർത്തിയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. വിപണിമൂല്യത്തിൽ ലോകത്തെ ഒന്നാമത്തെ കമ്പനിയായ എൻവിഡിയ ഒറ്റ ദിവസം കൊണ്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങി. തിങ്കളാഴ്ച മാത്രം എൻവിഡിയയുടെ മൂല്യം 17 ശതമാനമിടിഞ്ഞതോടെ 58900 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. അമേരിക്കൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒരു കമ്പനിയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. മറ്റ് ടെക് കമ്പനികളും ഇതിന്റെ പ്രഹരശേഷി അറിഞ്ഞു. ആഗോള വിപണികളിലുണ്ടായത് ലക്ഷം കോടി ഡോളറിന്റെ നഷ്ടം. ലോകത്തെ 500 അതിസമ്പന്നരുടെ സമ്പത്തിലുണ്ടായ ശോഷണം 108 ബില്യൺ ഡോളർ.
അമേരിക്കൻ കമ്പനികളുടെ എ.ഐ മേധാവിത്വതിനാണ് ഡീപ്സീക്ക് വെല്ലുവിളി ഉയർത്തുന്നത്. ലോകത്തെ എ.ഐ തലസ്ഥാനമാക്കി അമേരിക്കയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഓപൺ എ.ഐ, ഒറാക്കിൾ എന്നീ കമ്പനികളുടെ പ്രതിനിധികൾ പ്രഖ്യാപിച്ച സ്റ്റാർഗേറ്റ് പദ്ധതിക്ക് മുതൽമുടക്കുമെന്ന് പ്രഖ്യാപിച്ചത് 50000 കോടി ഡോളറാണ്. അതിലും കൂടുതൽ തുകയാണ് ഒറ്റദിവസം കൊണ്ട് എൻവിഡിയയുടെ മൂല്യത്തിൽ നഷ്ടമായത്.
എ.ഐ രംഗത്തെ സ്പുട്നിക് നിമിഷം എന്നാണ് വിദഗ്ധർ ഡീപ്സീക്കിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. 1957 ഒക്േടാബർ നാലിന് അമേരിക്കയെ ഞെട്ടിച്ച് സോവിയറ്റ് യൂനിയൻ സ്പുട്നിക്-1 എന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ വരവെന്ന് ടെക് കമ്പനികളുടെ തലവന്മാർ പോലും സമ്മതിച്ചുകഴിഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾക്കുള്ള മുന്നറിയിപ്പാണ് ഡീപ്സീക്ക് എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
2023ൽ തെക്കുകിഴക്കൻ ചൈനയിലെ ഹാങ്ഷൗ എന്ന നഗരത്തിൽ ലിയാങ് വെൻഫെങ് എന്ന ഇൻഫർമേഷൻ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് ബിരുദധാരി തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഡീപ്സീക്ക്. ഓപൺ എ.ഐ പോലുള്ള വമ്പന്മാർ എ.ഐ ആപ്പിന് ചെലവഴിക്കുന്ന വൻതുകയുടെ ചെറിയൊരു അംശം മാത്രമാണ് ഡീപ്സീക്ക്-ആർ1 എന്ന പുതിയ പതിപ്പിന് ചെലവായതെന്ന് നിർമാതാക്കൾ പറയുന്നു. ഈ മാസം അവതരിപ്പിച്ച ആപ് അമേരിക്കയിൽ ഇതിനകം തരംഗമായിമാറി. എൻവിഡിയയുടെ ചിപ്പുകളെയാണ് ഡീപ്സീക്ക് ആദ്യം ആശ്രയിച്ചിരുന്നത്. എന്നാൽ, കുത്തക നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയപ്പോൾ അവർ മറ്റ് വഴികൾ തേടി. ചുരുങ്ങിയ ചെലവിൽ ലഭിച്ച ചിപ്പുകളിൽ അധിഷ്ഠിതമായാണ് ഡീപ്സീക്ക് നിർമിച്ചത്.
ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐ കഴിഞ്ഞ വർഷം മാത്രം 500 കോടി ഡോളറാണ് സാങ്കേതിക ഗവേഷണങ്ങൾക്കായി ചെലവഴിച്ചത്. എന്നാൽ, കേവലം 56 ലക്ഷം ഡോളർ മാത്രം ചെലവഴിച്ചാണ് ഡീപ്സീക്ക് നിർമിച്ചതെന്ന് നിർമാതാക്കൾ പറയുന്നു. മറ്റ് കമ്പനികൾ 10 കോടി ഡോളർ മുതൽ 100 കോടി ഡോളർ വരെ എ.ഐ ആപ് നിർമാണത്തിനായി മുടക്കുന്ന സ്ഥാനത്താണ് ഇത്. ചെറിയ മുതൽമുടക്കിൽ മികച്ച എ.ഐ ആപ് പുറത്തിറക്കാൻ കഴിയുമെങ്കിൽ ശതകോടികൾ മുടക്കുന്നതെന്തിന് എന്നാണ് അമേരിക്കൻ ടെക് ലോകത്ത് ഉയരുന്ന ചോദ്യം. ചാറ്റ് ജി.പി.ടിയേക്കാൾ മികച്ചതാണ് ഡീപ്സീക്ക് എന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ആളുകൾ കുതിച്ചെത്തിയതോടെ ഡീപ്സീക്കിനുനേരെ സൈബർ ആക്രമണവുമുണ്ടായി. അതിനാൽ, ഡൗൺലോഡിന് തടസ്സം നേരിടുന്നതായി പലരും പരാതിപ്പെട്ടു.
● 2023ൽ തെക്കുകിഴക്കൻ ചൈനയിലെ ഹാങ്ഷൗ എന്ന നഗരത്തിൽ ലിയാങ് വെൻഫെങ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനി
● ഡീപ്സീക്ക് -ആർ1 എ.ഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത് ജനുവരി 20ന്
● ആപ്പിൾ സ്റ്റോർ ഡൗൺലോഡിൽ മുന്നിൽ; പിന്തള്ളിയത് ചാറ്റ് ജി.പി.ടി പോലുള്ള വമ്പൻമാരെ
● കുറഞ്ഞ ചെലവിൽ കൂടുതൽ മികച്ച ആപ്, ചെലവ് വൻകിട കമ്പനികൾ ചെലവഴിക്കുന്നതിന്റെ ഒരംശം മാത്രം
● അമേരിക്കൻ എ.ഐ, ടെക് കമ്പനികൾക്ക് വൻ തിരിച്ചടി
● ഓഹരി വിപണിയിലും പ്രത്യാഘാതം; എൻവിഡിയ ഓഹരിമൂല്യം ഇടിഞ്ഞത് 17 ശതമാനം
● എ.ഐ രംഗത്തെ സ്പുട്നിക് പ്രതിഭാസം എന്ന് വിദഗ്ധർ
● ആളുകൾ കുതിച്ചെത്തിയതോടെ ഡീപ്സീക്കിനുനേരെ സൈബർ ആക്രമണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.