പൊതുജനങ്ങളുടെ സുരക്ഷക്കായി എഐ കിൽ സ്വിച്ച് ആക്റ്റ് അവതരിപ്പിച്ച് യുഎസ് സർക്കാർ; ലക്ഷ്യം എഐ ടൂളുകളുടെ നിയന്ത്രണം

വാഷിംഗ്ടൺ: പൊതുജനങ്ങൾക്ക് ഭീഷണിയായേക്കാവുന്ന എഐ ടൂളുകൾ അടിയന്തരമായി ഓഫ് ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ടെഡ് ല്യൂ, റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നഥാനിയേൽ മൊറാൻ എന്നിവരാണ് വ്യാഴാഴ്ച എഐ കിൽ സ്വിച്ച് ആക്റ്റ് എന്ന പേരിൽ പുതിയ ബിൽ അവതരിപ്പിച്ചത്.

എഐ ടൂളുകൾ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ പൂർണ്ണമായി നിർത്തിവെക്കാനും ഫെഡറൽ സർക്കാരിന് വ്യക്തമായ അധികാരവും നിയമപരമായ സംവിധാനവും ഉറപ്പാക്കുകയാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. പ്രൈവറ്റ് കമ്പനികളോട് എഐ മോഡലുകളോ ടൂളുകളോ ഷട്ട് ഡൗൺ ചെയ്യാൻ ഉത്തരവിടാനുള്ള അധികാരം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

എഐ വികസിപ്പിക്കുന്ന കമ്പനികൾ ഇത്തരം സംവിധാനങ്ങൾ മരവിപ്പിക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ പൂർണ്ണമായി ഓഫ് ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി നിർബന്ധമായും നിലനിർത്തിയിരിക്കണം. കൂടാതെ സാങ്കേതിക തകരാറുകളോ വീഴ്ചകളോ ഉണ്ടായാൽ അത് സർക്കാരിന് റിപ്പോർട്ട് ചെയ്യുകയും വേണം.

തങ്ങളുടെ എഐ മോഡലുകൾ നിയന്ത്രണാതീതമായി പ്രവർത്തിക്കുകയും പ്രോഗ്രാമിംഗ് കോഡിംഗുകളുടെ ഒരു പ്രധാന ഡാറ്റാബേസ് ഹാക്ക് ചെയ്യുകയും ചെയ്തതായി ഓപ്പൺഎഐ അടുത്തിടെ സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൂടാതെ, ആന്ത്രോപിക് കമ്പനിയുടെ മിത്തോസ്, ഫേബിൾ എന്നീ മോഡലുകളുടെ സൈബർ ഹാക്കിംഗ് ശേഷി കാരണം വാണിജ്യ വകുപ്പിന് കയറ്റുമതി നിയമം നടപ്പാക്കേണ്ടി വന്നിരുന്നു.

എഐ സാങ്കേതികവിദ്യ വെറും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്ന് മാറി സാമ്പത്തിക ഇടപാടുകൾ നടത്തുക, ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുക, സൈബർ പ്രതിരോധ-ആക്രമണങ്ങളിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനിർമ്മാണം എന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി.

പുതിയ ബില്ലിന് ദി എഐ പോളിസി നെറ്റ്‌വർക്ക് , അമേരിക്കൻസ് ഫോർ റെസ്പോൺസിബിൾ ഇന്നൊവേഷൻ, കൺട്രോൾഎഐ തുടങ്ങിയ പ്രമുഖ സാങ്കേതിക, സുരക്ഷാ സംഘടനകളുടെ പരസ്യമായ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാൽ ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ പ്രതിനിധികൾ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - US government introduces AI Kill Switch Act to protect public safety; aims to regulate AI tools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.