അഭിമുഖത്തിനിടയിൽ ചൈനീസ് ഭാഷയിലേക്ക് മാറി എ.ഐ നടി; ഗ്ലിച്ച് കാരണമെന്ന് വിശദീകരണം
സിനിമയുൾപ്പെടെ ഇന്ന് എല്ലാ മേഖലകളിലും എ.ഐക്ക് വലിയ സ്വാധീനവും സ്ഥാനവുമുണ്ട്. ഇത് ഒരു പരിധിവരെ മികച്ചതാണെങ്കിലും എ.ഐയുടെ അതിവേഗത്തിലുള്ള വളർച്ച ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ഇപ്പോളിതാ ആദ്യ എ.ഐ നടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടില്ലി നോർവുഡ് പ്രശസ്ത മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിനിടയിൽ അപ്രതീക്ഷിതമായി ചൈനീസ് ഭാഷ സംസാരിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. പിയേഴ്സ് മോർഗൻ അൺസെൻസേർഡ് എന്ന ഷോയിൽ സ്കോട്ടിഷ് നടൻ ടോം കോണ്ടിയുമായി സംസാരിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം നടന്നത്.
പാർട്ടിക്കിൾ 6 എന്ന എഐ പ്രൊഡക്ഷൻ കമ്പനിയാണ് ഈ ഡിജിറ്റൽ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച ടില്ലിയുടെ ആദ്യ സിമിമയാണ് മിസലൈൻഡ്. ഈ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ടെക്നിക്കൽ ഗ്ലിച്ച് കാരണം ഈ എഐ നടിക്ക് ഭാഷ മാറിപ്പോയത്.
ചിത്രത്തിലെ സഹനടന്മാർ യഥാർത്ഥ വ്യക്തികളാണോ അതോ കമ്പ്യൂട്ടർ ഗ്രാഫിക്സ് വഴി നിർമ്മിച്ചതാണോ എന്ന ടോം കോണ്ടിയുടെ ചോദ്യവുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് ടില്ലി പെട്ടെന്ന് ഇംഗ്ലീഷിൽ നിന്ന് ചൈനീസ് ഭാഷയിലേക്ക് സംസാരിച്ചു തുടങ്ങിയത്. ഇത് പിയേഴ്സ് മോർഗനെയും ടോം കോണ്ടിയെയും ഒരുപോലെ അമ്പരപ്പിച്ചു.
നിങ്ങൾ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ചൈനീസ് ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയല്ലോ എന്ന് മോർഗൻ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചുപോയതാണെന്ന് ടില്ലി തമാശയായി മറുപടി നൽകി. പിന്നീട് ടില്ലിയുടെ എക്സ് അക്കൗണ്ടിലൂടെ, മുപ്പതിലധികം ഭാഷകൾ സംസാരിക്കുമ്പോൾ വല്ലപ്പോഴും ഇങ്ങനെ കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും കുറിച്ചു.
ഈ അഭിമുഖത്തിന്റെ ക്ലിപ്പ് എക്സ് പ്ലാറ്റ്‌ഫോമിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ കണ്ടത്. സംഭവം വലിയ രീതിയിൽ വൈറലായെങ്കിലും ആളുകളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇതിനെ രസകരമായി കണ്ടപ്പോൾ, മറ്റുചിലർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. വിനോദമേഖലയിലെ എഐ സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വീണ്ടും തിരികൊളുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.