ടിക്ടോക്കും റഷ്യയിൽ പ്രവർത്തനം നിർത്തി

യുക്രെയ്നിൽ അധിനിവേശം തുടരവേ, റഷ്യക്കെതിരെ നീക്കവുമായി ടെക് ഭീമൻ ടിക്ടോക് രംഗത്ത്. ഷോർട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് റഷ്യയിൽ അവരുടെ സ്ട്രീമിങ് സേവനം താൽക്കാലികമായി നിർത്തലാക്കി. പുതിയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. റഷ്യ നടപ്പിലാക്കിയ പുതിയ വ്യാജ വാർത്താ നിയമത്തിൽ പ്രതിഷേധിച്ചുള്ള നടപടിയാണെന്നാണ് സൂചന.

''വിനോദത്തിനും സർഗാത്മകതയ്ക്കും ഉള്ള പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. മനുഷ്യർ കടുത്ത ദുരന്തവും ഒറ്റപ്പെടലും അഭിമുഖീകരിക്കുന്ന യുദ്ധവേളയിലെല്ലാം ആശ്വാസത്തിന്റെയും മാനുഷികബന്ധത്തിന്റെയും സ്രോതസായിമാറാൻ ഇതിന് കഴിയും. എന്നിരുന്നാലും ഞങ്ങളുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണന''- ടിക്‌ടോക് ട്വിറ്ററിൽ കുറിച്ചു.

റഷ്യയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരുന്നുണ്ടെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകി പൂർണമായും സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കാനാകുമെന്ന വിഷയം അതുപ്രകാരം തീരുമാനിക്കുമെന്നും കമ്പനിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം പറഞ്ഞു. വ്യാജവാർത്തകൾ തടയാനുള്ള കമ്പനിയുടെ പ്രത്യേക വിഭാഗത്തിൽ റഷ്യൻ, യുക്രൈൻ അടക്കം 60ലേറെ ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

അതേസമയം, നേരത്തെ നിരവധി ആഗോള ടെക് കമ്പനികൾ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയിലെ ഉല്‍പന്ന വില്‍പനയും സേവനവും നിർത്തിയിരുന്നു. 

റഷ്യയിലേക്കുള്ള ഫോൺ, ചിപ് കയറ്റുമതി സാംസങ് താൽക്കാലികമായി നിർത്തി. ആപ്പിളും റഷ്യയിൽ ഉൽപന്ന വിൽപനയും സേവനവും നിർത്തി. ആപ്പിൾ പേ സേവനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. യുക്രെയ്‌നിലെ ചില ആപ്പിൾ മാപ്‌സ് ഫീച്ചറുകൾ പ്രവർത്തനരഹിതവുമാക്കി.

വിൻഡോസ് നിർമാതാക്കൾ റഷ്യയിൽ ഉൽപന്ന വിൽപനയും സേവനങ്ങളും താൽക്കാലികമായി നിർത്തി. റഷ്യക്കാർക്ക് ഗൂഗ്ൾ ഉപയോഗിക്കാനാവുമെങ്കിലും പരസ്യ വ്യാപാരം പൂർണമായി നിർത്തി. റഷ്യ, ബെലറൂസിലേക്കുള്ള പരസ്യ കച്ചവടം സ്‌നാപ്ചാറ്റ് നിർത്തി. അതേസമയം, ആശയവിനിമയ സേവനം തുടരുന്നു.

എയർ ബിഎൻബി റഷ്യയിലെയും ബെലറൂസിലെയും വാടക മുറി, കെട്ടിട സേവനങ്ങൾ താൽക്കാലികമായി നിർത്തി. വിഡിയോ ഗെയിം കമ്പനി നിന്റെൻഡോയുടെ സേവനം റഷ്യൻ ഉപയോക്താക്കൾക്ക് ലഭ്യമല്ല.  റഷ്യയിലെയും ബെലറൂസിലെയും ഉപഭോക്താക്കൾക്ക് ചിപ്പുകൾ ഉൾപ്പെടെയുള്ള കയറ്റുമതികൾ ഇന്റൽ താൽക്കാലികമായി നിർത്തി.

നെറ്റ്ഫ്ലിക്സ് ഓൺലൈൻ സ്ട്രീമിങ് ഭീമൻ റഷ്യയിലെ എല്ലാ പ്രോജക്ടുകളും താൽക്കാലികമായി നിർത്തി. ഡിസ്നി, സോണി പിക്ചേഴ്സ്, വാർണർ ബ്രദേഴ്സ്, പാരാമൗണ്ട്, യൂനിവേഴ്സൽ എന്നിവ റഷ്യയിലെ എല്ലാ തിയറ്റർ റിലീസുകളും നിർത്തി. ബി.എം.ഡബ്ല്യു, ഫോർഡ്, ജി.എം, ഹോണ്ട, വോൾവോ, ഫോക്സ്‍വാഗൺ, ഹാർലി ഡേവിഡ്സൺ, ജാഗ്വാർ , ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, ഡെയിംലർ ട്രക്ക് എന്നീ വാഹന നിർമാതാക്കൾ റഷ്യയിലേക്കുള്ള കയറ്റുമതിയും പ്രവർത്തനവും അവസാനിപ്പിച്ചു.

Tags:    
News Summary - TikTok bans new video creation in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.