ഔദ്യോഗിക ലോഞ്ചിന് മുമ്പേ യാത്രക്കാർക്ക് 5ജി ​റെഡിയാക്കി ഈ എയർപോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5ജി പ്രവർത്തനക്ഷമമാക്കി. 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിക്കഴിഞ്ഞതായി നടത്തിപ്പുകാരായ ജി.എം.ആര്‍. ഗ്രൂപ്പ് അറിയിച്ചിരിക്കുകയാണ്. ടെലികോം സേവന ദാതാക്കള്‍ 5ജി സേവനം അവതരിപ്പിക്കുന്നതോടെ, വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് സൗകര്യം ആസ്വദിക്കാനാകും.

5ജി സൗകര്യമുള്ള മൊബൈൽ ഫോണും സിം കാർഡുമുള്ള യാത്രക്കാർക്ക് മികച്ച സിഗ്നൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ലഭിക്കും. ടെർമിനൽ 3-ലെ ആഭ്യന്തര ഡിപ്പാർച്ചർ പിയറിലും ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും, ടി3 അറൈവൽ ഭാഗത്തിനും മൾട്ടി ലെവൽ കാർ പാർക്കിങ്ങിനും ഇടയിലുമായിട്ടുമൊക്കെയാണ് മികച്ച കണക്ടിവിറ്റി ലഭിക്കുകയെന്ന് ജിഎംആർ ഗ്രൂപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ടി3 ടെർമിനലിലുടനീളം 5G നെറ്റ്‌വർക്കിന്റെ വിന്യാസം ഘട്ടം ഘട്ടമായി നടക്കും.

കൂടുതല്‍ വിമാനത്താവളങ്ങളും നിലവില്‍, യാത്രക്കാര്‍ക്ക് ആവശ്യമായ വയര്‍ലെസ് സേവനങ്ങള്‍ നല്‍കിവരുന്നത് വൈ-ഫൈ സംവിധാനത്തിലൂടെയാണ്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിയതോടെ സ്മാര്‍ട്ട് ഫോണടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും വേഗതയും ആവശ്യമായി വരുന്ന സാഹചര്യമുണ്ട്. 5 ജി നെറ്റ് വര്‍ക്ക് വരുന്നതോടെ, യാത്രക്കാര്‍ക്ക് വൈ-ഫൈ സംവിധാനത്തെ അപേക്ഷിച്ച് 20 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്ന് ഡൽഹി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് (ഡി.ഐ.എ.എല്‍) പറയുന്നു.

അതിവേഗത്തിലുള്ള ഡൗണ്‍ലോഡ്, സീറോ ബഫറിങ് ഉള്‍പ്പെടെയുള്ളവയും 5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ സാധ്യമാകും. നിലവില്‍ ചില ടെലികോം സര്‍വീസ് സേവന ദാതാക്കള്‍ മാത്രമാണ് തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ 5ജി സേവനം ലഭ്യമാക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ വരും ആഴ്ചകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡി.ഐ.എ.എല്‍. അറിയിച്ചു.

Tags:    
News Summary - This Airport gets 5G network for passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.