യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് ധനമന്ത്രാലയം

ഡൽഹി: യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്നും അത്തരം ആലോചനകളില്ലെന്നും കേന്ദ്ര ധനമന്ത്രാലയം. ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള കമ്പനികളുടെ ചെലവിന് മറ്റു വഴികൾ കണ്ടെത്തണം.

യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) പണമിടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ വിശദീകരണക്കുറിപ്പിറക്കിയത്. ഗൂഗ്ൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർ.ബി.ഐ ഓഹരി ഉടമകളുടെ അഭിപ്രായം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

'യു.പി.ഐ പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സമ്പദ്‌വ്യവസ്ഥക്ക് ഉൽപാദനക്ഷമതയും നൽകുന്ന ഡിജിറ്റൽ പൊതുസേവനമാണ്. യു.പി.ഐ സേവനങ്ങൾക്ക് നിരക്കുകൾ ഈടാക്കുന്ന കാര്യം സർക്കാർ പരിഗണനയിലില്ല' - ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. സേവന ദാതാക്കൾ ചെലവ് കണ്ടെത്താനുള്ള വഴികൾ തേടുന്നുണ്ടെങ്കിലും ഫീസ് ഈടാക്കുന്നത് പരിഹാരമല്ല. ചെലവ് സംബന്ധിച്ച ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും വ്യക്തമാക്കി.

പേമെന്റ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള നയങ്ങൾ രൂപപ്പെടുത്താനും യു.പി.ഐ, ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സേവനം), എൻ.ഇ.എഫ്‌.ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) പോലുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാനുള്ള നിയമങ്ങൾ ശക്തമാക്കാനും ആർ.ബി.ഐ ലക്ഷ്യമിടുന്നതായും ഇതുസംബന്ധിച്ച ചർച്ചാപേപ്പർ ആർ.ബി.ഐ പുറത്തിറക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു.

രാജ്യത്ത് നിലവിൽ യു.പി.ഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ട. ഇതിൽ മാറ്റം വരുത്താനാണ് ആർ.ബി.ഐ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യമായ ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് യു.പി.ഐ, പ്രതിമാസം 10 ലക്ഷം കോടി രൂപയാണ് യു.പി.ഐ വഴി കൈമാറുന്നത്. 600 കോടിയിലധികം ഇടപാടുകൾ ഒരു മാസം നടക്കുന്നുണ്ട്.

Tags:    
News Summary - There is no charge for UPI services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.