അടുത്ത താരിഫ് വർധനയുമായി ടെലികോം കമ്പനികൾ; നേട്ടമുണ്ടാക്കാൻ ബി.എസ്.എൻ.എൽ

രാജ്യത്തെ സ്വകാര്യ ടെലികോം ഓപറേറ്റർമാർ ദീപാവലിയോടടുത്ത് പ്രീപെയ്ഡ് താരിഫുകൾ 12 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ മാസമായിരുന്നു പുറത്തുവന്നത്. അതനുസരിച്ച് ഈ വർഷം ഒക്ടോബറിലോ നവംബറിലോ താരിഫ് വര്‍ധനവ് ഉണ്ടായേക്കാം. താരിഫ് വര്‍ധനവുണ്ടായാൽ, ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി നിരക്ക് (ARPU) 10 ശതമാനം കൂടി ഉയരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

താരിഫ് വർധിപ്പിക്കുന്നതിനും പിന്തുണ..


അതേസമയം, ജിയോ, എയർടെൽ, വി (വോഡഫോൺ ഐഡിയ) നടപ്പാക്കിയ താരിഫ് വർധനകളെ കുറിച്ച് TelecomTalk എന്ന വെബ് സൈറ്റ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു ചെറിയ സർവേ/പോൾ നടത്തിയിരുന്നു. ഈ ഹ്രസ്വ സർവേയിൽ പ​ങ്കെടുത്തവരിൽ 33 ശതമാനം ആളുകൾ താരിഫ് വർധനയെ അനുകൂലിച്ച് രംഗത്തെത്തി. 66.7 ശതമാനമാളുകൾ എതിരഭിപ്രായവും ഉന്നയിച്ചു.

ഒരു തവണ കൂടി താരിഫ് വർധന കൊണ്ടുവരാൻ ടെലികോം കമ്പനികൾ ശ്രമം നടത്തുന്നതിനിടെയാണ് സർവേയുമായി ടെലികോം ടാക് രംഗത്തെത്തുന്നത്. 'ഇന്ധന വില ഗണ്യമായ ഉയരുമ്പോൾ ടെലികോം കമ്പനികൾ മാത്രം അവരുടെ സേവനങ്ങൾക്ക് വില ഉയർത്താതിരിക്കുന്നതിൽ എന്ത് കാര്യം..? എന്നാണ് ഒരാൾ ട്വിറ്ററിൽ ചോദിച്ചത്. അതേസമയം, നെറ്റ്‍വർക് കവറേജും ഇന്റർനെറ്റ് വേഗതയും മറ്റും വർധിപ്പിക്കാതെ, ചാർജുയർത്തുന്നതിനെ ചിലർ ചോദ്യം ചെയ്തു.

നേട്ടമുണ്ടാക്കാൻ ബി.എസ്.എൻ.എൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യമായ താരിഫ് വർധന വരുത്താത്ത ഒരേയൊരു ടെലികോം കമ്പനി ബി.എസ്.എൻ.എൽ ആണ്. അതുകൊണ്ട് തന്നെ സമീപ കാലത്ത് അവർക്ക് വരിക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കാനുള്ള ശ്രമം നടത്തുന്ന ബി.എസ്.എൻ.എൽ എന്തായാലും ഈയടുത്തൊന്നും ചാർജ് കൂട്ടാനുള്ള സാധ്യതയില്ല.

താരിഫ് വർധനയിലൂടെ ഏറ്റവുംമധികം നേട്ടമുണ്ടാക്കാൻ പോകുന്നത് ബി.എസ്.എൻ.എൽ ആണ്. വരിക്കാർക്ക് ഡാറ്റ വാരിക്കോരി കൊടുത്ത കാലത്ത്, ഇരു സിമ്മുകളിലും സ്വകാര്യ ടെലികോമുകളുടെ സേവനം ആവോളം ആസ്വദിച്ചവരെല്ലാം ഇപ്പോൾ സെക്കൻഡറി സിമ്മായി ബി.എസ്.എൻ.എല്ലിനെ പരിഗണിച്ച് തുടങ്ങിയിരിക്കുന്നു. എയർടെൽ, വൊഡാഫോൺ വരിക്കാർ ഓരോ ജിയോ സിം വീതം എടുത്ത കാലം ഓർമയില്ലേ...? ബേസിക് പ്ലാനിന് തന്നെ വലിയ തുക മുടക്കേണ്ട സ്ഥിതി വന്നതോടെയാണ് ആളുകളുടെ മനം മാറാൻ തുടങ്ങിയത്. അതേസമയം, ചിലർ സിംഗിൾ സിം സംസ്കാരത്തിലേക്ക് വഴിമാറിക്കഴിഞ്ഞു.

ഓരോ വരിക്കാരിൽ നിന്നും പ്രതിമാസം 200 കിട്ടണം

ഓരോ ഉപയോക്താവിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ശരാശരി നിരക്ക് (എ.ആർ.പി.യു) മതിയാകില്ലെന്നാണ് സ്വകാര്യ ടെലികോം കമ്പനികൾ വാദിക്കുന്നത്. എയര്‍ടെല്‍, ജിയോ, വി എന്നിവയുടെ എ.ആർ.പി.യു യഥാക്രമം 200, 185, 135 രൂപയായി ഉയര്‍ന്നേക്കും.

രാജ്യത്തുടനീളം ശക്തമായ 4G ശൃംഖല ഉള്ളതിനാല്‍, ജിയോയും എയര്‍ടെലും 2023 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രീപെയ്ഡ് പ്ലാനുകളിൽ അടുത്തായി വരുന്ന താരിഫ് വര്‍ധന എയര്‍ടെലിന് കാര്യമായ ഗുണം ചെയ്തേക്കും. അവരുടെ ഹ്രസ്വകാല ലക്ഷ്യമായ '200 രൂപ എ.ആർ.പി.യു' -ലെത്താൻ ആ നീക്കം സഹായിച്ചേക്കും. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എ.ആർ.പി.യു 300 രൂപയിലേക്ക് എത്തിക്കാനാണ് എയര്‍ടെലിന്റെ ശ്രമം. 

Tags:    
News Summary - Telecom companies with next tariff hike; BSNL to make gains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.