ന്യൂഡൽഹി: ഇന്ത്യയിലെ കൗമാര ഉപഭോക്താക്കളുടെ ഓൺലൈൻ സുരക്ഷ വർധിപ്പിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ നിർണായക സുരക്ഷാ പരിഷ്കാരങ്ങളുമായി മാതൃകമ്പനിയായ മെറ്റ. കൗമാരക്കാർക്ക് ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങൾ തടയുന്നതിനും മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതുമാണ് പരിഷ്‍കാരം. 18 വയസ്സിൽ താഴെയുള്ള എല്ലാവരുടെയും അക്കൗണ്ടുകൾ ഇനി മുതൽ ‘ടീൻ അക്കൗണ്ട്’ എന്ന പ്രത്യേക വിഭാഗത്തിലായിരിക്കും. ഈ അക്കൗണ്ടുകൾ 13+ സുരക്ഷാ സെറ്റിങ്ങിലേക്ക് സ്വയമേവ മാറ്റും. മാതാപിതാക്കൾ അനുവദിക്കാതെ അവർക്ക് ആ സെറ്റിങ്ങിൽനിന്ന് മാറാനാകില്ല.
ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും അവയുടെ അപകടകരമായ സ്വാധീനങ്ങളിൽനിന്നും കൗമാരക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അസഭ്യമായ ഉള്ളടക്കങ്ങൾ എടുക്കാനോ കാണാനോ കഴിയാത്ത ലിമിറ്റഡ് കണ്ടന്‍റ് മോഡ് ഇൻസ്റ്റഗ്രാം കർശനമായി നടപ്പാക്കും. കടുത്ത ഭാഷാ പ്രയോഗങ്ങൾ, സ്റ്റണ്ടുകൾ, സുരക്ഷിതമല്ലാത്ത സാഹസികതകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രമേയങ്ങൾ എന്നിവയൊക്കെ കൗമാരക്കാരിലേക്ക് എത്താതിരിക്കാനാണ് നിയന്ത്രണം. ലംഘനങ്ങൾ കണ്ടെത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. പ്രായത്തിന് നിരക്കാത്ത ഉള്ളടക്കങ്ങൾ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. കുട്ടികളുടെ ഓൺലൈൻ ആസ്വാദനങ്ങൾക്കും അനുഭവങ്ങൾക്കും മേൽ മാതാപിതാക്കൾക്ക് മേൽനോട്ടം വഹിക്കാനാകുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കുകയെന്നും പരിഷ്കാരങ്ങൾ നിരന്തരം മെച്ചപ്പെടുത്തുമെന്നും മെറ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.