സൗണ്ട് സ്റ്റിക്കറും ഷെഡ്യൂൾഡ് മെസ്സേജും; വമ്പൻ ഫീച്ചറുകളുമായി വാട്സ്ആപ്
വാട്സ്ആപ്പിൽ സ്റ്റിക്കറയക്കുന്നവരാണോ നിങ്ങൾ? നിങ്ങളയക്കുന്ന സ്റ്റിക്കറുകൾക്ക് ശബ്ദം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ, എങ്കിൽ ഇനി അത് നടക്കും. ചാറ്റിങ് കൂടുതൽ മികച്ചതാക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് കമ്പനി. ഉപയോക്താക്കൾക്ക് ഇനി സ്റ്റിക്കറുകൾ അയക്കുമ്പോൾ ശബ്ദവും ചേർക്കാൻ സാധിക്കുന്ന സൗണ്ട് സ്റ്റിക്കർ ഫീച്ചർ വികസിപ്പിക്കുകയാണ് വാട്സ്ആപ്. നിലവിൽ ലളിതമായ ദൃശ്യ രൂപങ്ങളാണ് സ്റ്റിക്കറുകൾ. എന്നാൽ പുതിയ ഫീച്ചറിലൂടെ ചാറ്റിൽ ഷെയർ ചെയ്യുന്ന സ്റ്റിക്കറുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ അതിൽ നിന്ന് ശബ്ദം കേൾക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ഒന്നിലധികം തവണയും ഇതിലൂടെ ശബ്ദം പ്ലേ ചെയ്യാൻ കഴിഞ്ഞേക്കും.
വാട്സ്ആപ്പിലെ മറ്റ് സന്ദേശങ്ങൾ പോലെ തന്നെ സൗണ്ട് സ്റ്റിക്കറുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. അതായത്, ഉപയോക്താക്കൾ പരസ്പരം പങ്കുവെക്കുന്ന ഈ സ്റ്റിക്കറുകൾ തികച്ചും രഹസ്യമായിരിക്കുമെന്നും കമ്പനിയായ മെറ്റക്ക് പോലും ഇവ കാണാൻ കഴിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ഈ ഫീച്ചർ നിർമ്മാണ ഘട്ടത്തിലായതിനാൽ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇത് പൂർണ്ണമായി ലഭ്യമല്ല. എങ്കിലും വരും ദിവസങ്ങളിൽ ഇത് ടെസ്റ്റിംഗിനായി എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റിക്കറുകൾക്ക് ഓഡിയോ ഐക്കണും ഉണ്ടായിരിക്കും.
ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് സ്വന്തമായി സൗണ്ട് സ്റ്റിക്കറുകൾ നിർമ്മിക്കാനുള്ള അവസരവും ലഭിച്ചേക്കാം. നിലവിലുള്ള സ്റ്റിക്കറുകളോടൊപ്പം ഓഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർത്തോ, ഒരു വീഡിയോയെ ആനിമേഷൻ സ്റ്റിക്കർ അഥവാ ജിഫ് രൂപത്തിലാക്കി അതിൽ ശബ്ദം ഉൾപ്പെടുത്തിയോ ഇത് തയ്യാറാക്കാൻ സാധിക്കും. കൂടാതെ ഫോണിന്റെ സൈലന്റ് മോഡിനെ ഈ ഫീച്ചർ തടസ്സപ്പെടുത്തുകയില്ല. ഉപയോക്താക്കൾക്ക് വോളിയം ഐക്കൺ ഉപയോഗിച്ച് ശബ്ദം നിയന്ത്രിക്കാനും അടുത്ത തവണയും അതേ ക്രമീകരണം നിലനിർത്താനുമുള്ള സംവിധാനവും വാട്സാപ്പ് ഒരുക്കുന്നുണ്ട്.
ഇതിനുപുറമെ, ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഷെഡ്യൂൾഡ് മെസ്സേജസ് ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഇതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങൾ, ലിങ്കുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് അയക്കാൻ സാധിക്കും. 10 മിനിറ്റ് മുതൽ രണ്ട് ആഴ്ച വരെയുള്ള സമയം ഇതിനായി തിരഞ്ഞെടുക്കാം. ആപ്പ് ഓഫ്ലൈൻ ആയിരുന്നാൽ പോലും വാട്സാപ്പ് കൃത്യസമയത്ത് സന്ദേശം അയക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.