ഇടുക്കി: ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് പരാതികൾ കൂടുന്നു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും വ്യാജ പരസ്യങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തട്ടിപ്പുകാരുടെ വലയിൽപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷിക്കുന്നുണ്ടെങ്കിലും കൂടുതൽ കേസുകളുടെയും ഉറവിടം ഇതര സംസ്ഥാനമായതിനാൽ അന്വേഷണം വഴിമുട്ടുകയാണ്. ഓൺലൈൻ തട്ടിപ്പാണ് ഇപ്പോൾ ഇടുക്കിയിൽ വ്യാപകം.
അടുത്ത കാലത്ത് മൊബൈൽ ഫോണിൽ വന്ന മെസേജ് പ്രകാരം ഡൽഹിയിൽ നിന്നുള്ള ഓൺലൈൻ പരസ്യം വഴി ബന്ധപ്പെട്ടവർ തട്ടിപ്പിനിരയായി. പരസ്യം കണ്ടവർ നമ്പരിലേക്ക് വിളിച്ച് വില കൂടിയ മൊബൈൽ ഫോൺ, രണ്ട് സ്വർണനാണയങ്ങൾ എന്നിവ അടങ്ങിയ പാക്കേജിന് 5000 രൂപ പണമടച്ച് പോസ്റ്റോഫീസിൽ നിന്ന് വി.പി.പിയായി കൈപ്പറ്റണമെന്ന നിർദേശം വന്നു.
പണമടച്ച് വി.പി.പി കൈപ്പറ്റി പൊട്ടിച്ചപ്പോഴാണ് പലർക്കും തട്ടിപ്പ് മനസ്സിലായത് . മൊബൈൽ ഫോണോ സ്വർണ നാണയങ്ങളൊ ഉണ്ടായിരുന്നില്ല. ഇടുക്കിയിലുള്ള ഒരു വീട്ടമ്മക്കു നഷ്ടമായത് 5999 രൂപയാണ് . ഫോണിൽ വന്ന സന്ദേശത്തിൽ മൊബൈൽ ഫോണായിരുന്നു. ബാങ്ക് വഴി പണമയച്ചു. എന്നാൽ ലഭിച്ചത് കാലിപ്പെട്ടിയായിരുന്നു.
വ്യാജ പ്രൊഫൈൽ വഴി വരുന്ന സന്ദേശങ്ങളാണ് ആളുകളെ ചതിയിൽപ്പെടുത്തി പണം നഷ്ടപ്പെടുത്തുന്നത്. ഫോണിലൂടെയാണ് സന്ദേശങ്ങൾ കൂടുതലും വരുന്നതെന്ന് പൊലീസിന്റെ സൈബർ സെൽ പറയുന്നു. ചാറ്റിലൂടെയും ഫേസ്ബുക്കു മെസേജായും വരുന്ന സന്ദേശങ്ങളാണ് പലരെയും ചതിയിൽ പെടുത്തുന്നത്. ചാറ്റിങ്ങ് നടത്തി വിവാഹ വാഗ്ദാനങ്ങളിൽ കുടുങ്ങി ചതിയിൽപ്പെട്ട പെൺകുട്ടികളുമുണ്ട്. സൈബർ തട്ടിപ്പുകൾ ജില്ല സൈബർ സെൽ നിരീക്ഷിച്ചു വരുകയാണ്.
വിദേശത്തുനിന്ന, തട്ടിപ്പു സന്ദേശങ്ങൾ വരുന്നുണ്ട് . വൻതുക സമ്മാനമായി ലഭിച്ചെന്നാണ് സന്ദേശം. തുക ലഭിക്കുന്നതിന് മുന്നോടിയായി നികുതിയിയിനത്തിൽ പണമയച്ച് കൊടുക്കണമെന്നാണ് നിർദേശം. ഇങ്ങനെ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്. തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ എണ്ണം കൂടിവരുന്നതായും ജാഗ്രത പാലിക്കണമെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.