ഫോൺ പകുതി ചാർജ് ചെയ്യാൻ രണ്ട് മിനിറ്റ്, ഫുൾ ചാർജാകാനോ അഞ്ച് മിനിറ്റ് മതി; ഞെട്ടിച്ച് റെഡ്മി

സ്മാർട്ട്ഫോൺ ചാര്‍ജിങ് വേഗതയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി. കമ്പനി പുതുതായി അവതരിപ്പിച്ച 300 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഫോൺ ഫുൾ ചാർജ് ചെയ്തത് വെറും അഞ്ച് മിനിറ്റുകൾ കൊണ്ട്. ഇനി കുറച്ച് തിരക്കുള്ള ആളാണെങ്കിൽ വെറും രണ്ട് മിനിറ്റുകൾ കൊണ്ട് പുതിയ ചാർജർ ഉപയോഗിച്ച് ഫോൺ 50 ശതമാനം ചാർജ് ചെയ്യാം.

തങ്ങളുടെ പുതിയ ചാർജിങ് ടെക്നോളജി വെറും അവകാശവാദമല്ലെന്ന് തെളിയിക്കാനായി റെഡ്മി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ 300 വാട്ട് ചാർജിങ് പിന്തുണയുള്ള ഫോണുകളൊന്നും ലോഞ്ച് ചെയ്യാത്തതിനാൽ മോഡിഫൈ ചെയ്ത റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷനാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

4300 എംഎഎച്ച് ബാറ്ററിക്ക് പകരം 4100 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയ ഫോണിലാണ് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജര്‍ കണക്ട് ചെയ്തത്. വെറും രണ്ട് മിനിറ്റുകൾ കൊണ്ട് ഫോണ്‍ പകുതി ചാര്‍ജാവുന്നതും അഞ്ച് മിനിറ്റുകൾ കൊണ്ട് 100 ശതമാനമാവുന്നതും വിഡിയോയിൽ കാണാൻ കഴിയും. അതേസമയം, 300 വാട്ട് വരെ ചാര്‍ജിങ് ശേഷിയുള്ള ചാർജറാണെങ്കിലും ചാര്‍ജ് ചെയ്യുന്ന സമയത്ത് 290 വാട്ട് ചാര്‍ജിങ് മാത്രമേ നടക്കുകയുള്ളൂവെന്ന് കമ്പനി പറയുന്നു.

210 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഒമ്പത് മിനിറ്റില്‍ ഫുള്‍ചാര്‍ജ് ആവുന്ന സാങ്കേതിക വിദ്യ നേരത്തെ തന്നെ റെഡ്മി അവരുടെ റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷനില്‍ അവതരിപ്പിച്ചതാണ്. അതായിരുന്നു നേരത്തെയുള്ള ചാർജിങ് റെക്കോർഡ്, അതിനെയാണ് റെഡ്മി തന്നെ വീണ്ടും മറികടന്നിരിക്കുന്നത്.

ബി.ബി.കെ ഇലക്ട്രോണിക്സിന്റെ റിയൽമിയും വൺപ്ലസും അവരുടെ സ്മാർട്ട്ഫോണുകളിൽ ഇതുപോലെ അതിവേഗ ചാർജിങ് പിന്തുണ കൊണ്ടുവന്നിട്ടുണ്ട്. റിയൽമിയുടെ ഫാസ്റ്റ് ചാർജിങ് ടെക്നോളജിക്ക് ജിടി നിയോ 5 എന്ന മോഡൽ ഫുൾ ചാർജ് ചെയ്യാൻ 10 മിനിറ്റുകളാണ് വേണ്ടി വന്നത്.​േ

വിഡിയോ..

Full View


Tags:    
News Summary - Redmi introduces 300W fast charging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.