പ്രൊഫ. ഫെയ്-ഫെയ് ലീ

ഇതാ, എ.ഐ ഗോഡ്മദർ; പ്രൊഫ. ഫെയ്-ഫെയ് ലീയുടെ വിശേഷങ്ങൾ

നിർമിതബുദ്ധി ഗവേഷണത്തിൽ ഡേറ്റക്ക് ഒരു റോളും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. പേരിനൊരു ഡേറ്റയുമായി എ.ഐ വികസനത്തിന് ഇരുന്നിരുന്ന വമ്പന്മാർക്ക്, ഈ ‘അമൂല്യ നിധി’യുടെ പ്രധാന്യം പറഞ്ഞുകൊടുത്ത, എ.ഐയുടെ ഗോഡ്മദറിനെ അറിയാമോ? അതോടെയാണ്, ലാർജ് ലാംഗ്വേജ് മോഡൽ (എൽ.എൽ.എം) അടക്കമുള്ളവയിലൂടെ എ.ഐ പടർന്നുപന്തലിക്കുന്നതിന് നാം സാക്ഷികളായത്. ഇതിനുശേഷം നിർമിതബുദ്ധി മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഈ ഗോഡ്മദറിന്റെ കരങ്ങളുണ്ട്.

എൽ.എൽ.എമ്മുകൾക്കുശേഷം വരാൻപോകുന്നതെന്ന് കേൾക്കുന്ന ‘വേൾഡ് മോഡലുകൾ’ എന്ന എ.ഐ മുന്നേറ്റത്തിൽ ഇവർ നയിക്കുന്ന സ്റ്റാർട്ടപ്പായ ‘വേൾഡ് ലാബ്സ്’ ഏറെദൂരം പോയിരിക്കുന്നു. ‘എ.ഐ ഗോഡ്ഫാദർമാർ’ വാഴുന്ന ടെക് ലോകത്ത് ഏക എ.ഐ ഗോഡ്മദറായി വിശേഷിപ്പിക്കപ്പെടുന്ന ചൈനീസ് വംശജയും യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാല കമ്പ്യൂട്ടർ സയൻസിൽ അധ്യാപികയുമായ പ്രഫ. ഫെയ്-ഫെയ് ലീ ആണ് ഈ താരം. എ.ഐ മേഖലയിൽനിന്ന്, എൻജിനീയറിങ്ങിനുള്ള ക്വീൻ എലിസബത്ത് പുരസ്കാരം നേടിയ ഏക വനിത കൂടിയാണ് ഡോ. ഫെയ്.

15ാം വയസ്സിൽ ചൈനയിൽനിന്ന് മാതാപിതാക്കളോടൊപ്പം യു.എസിലേക്ക് കുടിയേറിയ ഫെയ്, കുടുംബത്തെ സഹായിക്കാൻ ഡ്രൈ ക്ലീനിങ് ഷോപ്പിൽ ഏഴുവർഷം ജോലി ചെയ്തിരുന്നു. ഇതിനിടെ പഠനവും പൂർത്തിയാക്കി. കാൾടെകിൽനിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. 2018 വരെ ഗൂഗ്ളിന്റെ ക്ലൗഡ് സേവനങ്ങളുടെ എ.ഐ വിഭാഗം മേധാവിയായിരുന്നു. നിലവിൽ സ്റ്റാൻഫോർഡിലെ ഹ്യൂമൻ സെന്റേഡ് എ.ഐ ഇൻസ്റ്റിറ്റ്യൂട്ട് കോഡയറക്ടറാണ്. 2006ൽ ഫെയ് നേതൃത്വം നൽകിയ ‘ഇമേജ്നെറ്റ്’ പ്രോജക്ട് ആണ്, എ.ഐ സിസ്റ്റങ്ങൾക്ക് പരിശീലനത്തിനായി ദശലക്ഷക്കണക്കിന് ഡിജിറ്റൽ ഇമേജുകൾ തയാറാക്കിയത്. ഇതാണ് ഡീപ് ലേണിങ് വിപ്ലവത്തിന് തുടക്കമായത്.

‘‘ഇമേജ്നെറ്റിന് മുമ്പ് ജനങ്ങൾ ഡേറ്റയിൽ വിശ്വസിച്ചിരുന്നില്ല’’ -ഫെയ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘വേൾഡ് ലാബി’ൽ അടക്കം ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘വേൾഡ് മോഡലു’കൾ നിർമിതബുദ്ധി വിദ്യയിലെ വിപ്ലവമായിരിക്കുമെന്നും അവർ പറയുന്നു. നിലവിലെ ലാർജ് ലാംഗ്വേജ് മോഡലുകൾ ഭാഷകളാലാണ് പരിശീലിപ്പിക്കപ്പെട്ടത് എങ്കിൽ, വേൾഡ് മോഡൽ ഈ ലോകത്തെ ത്രിമാന രൂപത്തിൽ സ്വാംശീകരിച്ചുകൊണ്ട് ‘ബുദ്ധി’ കൈവരിക്കുകയാണ് ചെയ്യുന്നത്. ‘‘വേൾഡ് മോഡൽ എന്നത്, ദൃശ്യങ്ങളിലൂടെ ബുദ്ധി കൈവരിച്ച് യഥാർഥ ലോകത്തെ കാര്യങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സംവദിക്കാനുമെല്ലാം കഴിവുള്ള മോഡലാണ്’’ -ഫെയ് പറയുന്നു. 

Tags:    
News Summary - Prof. Fei-Fei Li the AI ​​Godmother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.