അപകടം വിതച്ച് ഓൺലൈൻ ആസിഡ് വിൽപ്പന; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് സി.സി.പി.എ

ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ). ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയുള്ള ആസിഡ് വിൽപനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ ലംഘനത്തെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദമായ പ്രതികരണം നൽകാൻ ഇ-കൊമേഴ്‌സ് കമ്പനികളോട് സി.സി.പി.എ നിർദ്ദേശിച്ചു.

അടുത്തിടെ ഡൽഹിയിൽ സ്‌കൂൾ വിദ്യാർത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. അന്ന് അക്രമി ഉപയോഗിച്ച ആസിഡ് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് സി.സി.പി.എ ഇരു കമ്പനികൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

ഡിസംബർ 14നായിരുന്നു ദാരുണമായ സംഭവം നടന്നത്. പതിവ് പോലെ ഡൽഹി ദ്വാരകയിലൂടെ സഹോദരിയുടെ കൈപിടിച്ച് സ്കൂളിലേക്ക് നടക്കുകയായിരുന്നു 17കാരിയായ പെൺകുട്ടി. ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്കരിലേക്ക് വണ്ടിയടുപ്പിച്ച് ആസിഡ് പോലൊരു ദ്രാവകം മുഖത്തേക്ക് ഒഴിച്ച് കടന്നുകളഞ്ഞു.

സമീപത്തുള്ള കടകയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അക്രമികൾ വരുന്നതും ദ്രാവകം ഒഴിക്കുന്നതും പെൺകുട്ടി മുഖം പൊത്തിപ്പിടിച്ച് ഓടുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 13 വയസുള്ള സഹോദരി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും കഴുത്തിലുമായി വിദ്യാർഥിനിക്ക് എട്ട് ശതമാനം പൊള്ളലേറ്റു. അക്രമികളെ പൊലീസ് മണിക്കൂറുകൾക്കം പിടികൂടിയിരുന്നു.

ഇന്ത്യയിൽ ആസിഡ് പോലുള്ള മാരക വസ്തുക്കളുടെ വിൽപ്പനക്ക് കർശന നിയ​ന്ത്രണങ്ങളുണ്ട്. 2013ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ആസിഡ് വസ്തുക്കളുടെ റീട്ടെയിൽ വ്യാപാരത്തിന് അനുമതിയില്ല.

വിൽക്കുന്നയാൾ ലോഗ് ബുക്ക് കൃത്യമായി സൂക്ഷിക്കണം. വാങ്ങുന്ന ആളുടെ പേര് വിവരങ്ങൾ, വാങ്ങിയ അളവ്, ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിന് എന്നത് രേഖപ്പെടുത്തണം. സർക്കാർ നൽകുന്ന ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖയും നിർബന്ധമാണ്. വാങ്ങിക്കുന്ന വ്യക്തി 18 വയസ് തികഞ്ഞവരായിരിക്കണം. ആസിഡ് വസ്തുക്കൾ വിൽപന നടത്തുന്ന ആൾ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നൽകണം. ചട്ടലംഘനം ബോധ്യപ്പെട്ടാൽ 50,000 രൂപവരെ പിഴയുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലാബുകളിലും ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമടക്കം നിയന്ത്രണങ്ങളുണ്ട്. സ്റ്റോക്കുകൾ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുകയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിന്റെ ഉത്തരവാദിത്തം ഒരാളെ ഏൽപിക്കണമെന്നതും അയാൾ കണക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നതും നിർബന്ധമാണ്.

Tags:    
News Summary - Online Acid Sales; CCPA issued notice to Flipkart and Meesho

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.