'ഫിഗർ എ.ഐ'യിൽ നിന്നുള്ള ദൃശ്യം. (ചിത്രം: X/@adcock_brett)
ന്യൂഡൽഹി: നിർമിതബുദ്ധിയും റോബോട്ടുകളും മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ലോകമെമ്പാടുമുള്ള ചർച്ചകൾക്കിടയിൽ ചരിത്രപരമായ പ്രഖ്യാപനവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ 'ഫിഗർ എ.ഐ'. ഈ കമ്പനിയിൽ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ റോബോട്ടുകൾ 'ജോലി' ചെയ്യുന്നുണ്ടെന്ന് ഫിഗർ എ.ഐ സി.ഇ.ഒ ബ്രെറ്റ് ആഡ്‌കോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ട്വിറ്ററിലൂടെ 'ഹെഡ്കൗണ്ട് വേഴ്സസ് റോബോട്ടുകൾ' എന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ടാണ് സി.ഇ.ഒ ഈ നിർണായക മാറ്റം ലോകത്തെ അറിയിച്ചത്. പെട്ടികളിൽ അടുക്കിവെച്ചിരിക്കുന്ന ഡസൻകണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചിത്രം പങ്കുവെച്ച് 'പവർ ഓൺ' എന്നും അദ്ദേഹം കുറിച്ചു.
2022 മുതൽ 2026 വരെയുള്ള കമ്പനിയുടെ വളർച്ചാ ഗ്രാഫ് പരിശോധിച്ചാൽ റോബോട്ടുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം വ്യക്തമാകും. 2025ന്റെ ആദ്യ പാദം വരെ കമ്പനിയിലെ റോബോട്ടുകളുടെ എണ്ണം പൂജ്യത്തിനടുത്തായിരുന്നു. എന്നാൽ, റോബോട്ട് നിർമാണം ആരംഭിച്ചതോടെ ഇത് കുത്തനെ ഉയർന്നു. 2025 അവസാനത്തോടെ ഇത് 100 കടക്കുകയും, 2026ന്റെ രണ്ടാം പാദത്തോടെ ഏകദേശം 740ൽ എത്തിനിൽക്കുകയുമാണ് റോബോട്ടുകളുടെ എണ്ണം.
എന്നാൽ മനുഷ്യ ജീവനക്കാരുടെ എണ്ണം 2022 മുതൽ സാവധാനം വർധിച്ച് 2025 അവസാനത്തോടെ 400ൽ എത്തിയ മനുഷ്യ ജീവനക്കാരുടെ എണ്ണം, നിലവിൽ 650 മുതൽ 660 വരെ മാത്രമാണ്. ചുരുക്കത്തിൽ, മനുഷ്യരേക്കാൾ വളരെ വേഗത്തിലാണ് ഫിഗർ എ.ഐയിൽ റോബോട്ടുകൾ തസ്തികകൾ കീഴടക്കുന്നത്. വരും നാളുകളിൽ ഈ വ്യത്യാസം ഇനിയും വർധിക്കുമെന്നാണ് ഗ്രാഫിന്റെ സൂചനകൾ നൽകുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 'മനുഷ്യൻ വേഴ്സസ് യന്ത്രം' എന്ന പേരിൽ തങ്ങളുടെ 'ഫിഗർ 03' റോബോട്ടിനെ ഒരു ഹ്യൂമൻ ഇന്റേണിനെതിരെ 8 മണിക്കൂർ ഷിഫ്റ്റിൽ പാക്കേജുകൾ തരംതിരിക്കാൻ കമ്പനി മത്സര രംഗത്തിറക്കിയിരുന്നു.
ആ മത്സരത്തിൽ മനുഷ്യനായ ഇന്റേൺ റോബോട്ടിനെ പരാജയപ്പെടുത്തിയെങ്കിലും, സി.ഇ.ഒ ബ്രെറ്റ് ആഡ്‌കോക്ക് അന്ന് നൽകിയ മുന്നറിയിപ്പ് ഇതായിരുന്നു: 'ഒരു മനുഷ്യൻ റോബോട്ടിനെതിരെ വിജയിക്കുന്ന അവസാനത്തെ വട്ടമായിരിക്കും ഇത്.' യന്ത്രങ്ങളുടെ കാര്യക്ഷമതയും വേഗതയും ഓരോ ദിവസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.
ആമസോൺ, മെറ്റാ തുടങ്ങിയ വൻകിട കമ്പനികൾ എ.ഐ സാങ്കേതികവിദ്യകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 'layoffs.fyi' നൽകുന്ന കണക്കുകൾ പ്രകാരം ഈ വർഷം മാത്രം ആഗോളതലത്തിൽ ഏകദേശം 1,19,462 ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
മറുവശത്ത്, ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടുകളുമായി ഈ രംഗത്ത് ഇലോൺ മസ്കും സജീവമാണ്. ചൈനീസ് കമ്പനികളായ യൂണിട്രീ, അഗിബോട്ട് എന്നിവയും ഹ്യൂമനോയിഡ് റോബോട്ട് രംഗത്ത് അതിവേഗം മുന്നേറുകയാണ്. കൂടുതൽ ഹ്യൂമനോയിഡ് റോബോട്ടുകൾ വരുന്നതോടെ മനുഷ്യരാശിക്ക് ആവശ്യമായ വിഭവങ്ങൾ സുലഭമായി ലഭിക്കുന്ന 'അത്ഭുതകരമായ സമൃദ്ധി' കൈവരിക്കാനാകുമെന്നാണ് ഇലോൺ മസ്കിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.