കരയുന്ന കൈക്കുഞ്ഞുമായി ഇരിക്കുന്ന അമ്മമാർ, ക്ഷീണിതരാണെങ്കിലും ക്ഷമയോടെ ഇരിക്കുന്ന വയോധികർ, രോഗിയാണെങ്കിലും കസേരയില്ലാത്തതിനാൽ നിൽക്കുന്ന ചെറുപ്പക്കാർ... ഒരു ആശുപത്രിയിലെയോ ക്ലിനിക്കിലെയോ പതിവ് കാഴ്ചയാണിത്. അത്യാവശ‍്യം തിരക്കുള്ള ഡോക്ടറാണെങ്കിൽ നേരത്തേ കൂടിക്കാഴ്ച ബുക്ക് ചെയ്ത് തങ്ങൾക്ക് നിശ്ചയിച്ചുതന്ന സമയത്തായിരിക്കും ഇതിൽ പലരും വന്നിട്ടുണ്ടാവുക. എങ്കിലും ഡോക്ടറുടെ മുറിക്ക് മുന്നിൽ ഇതുപോലെ കാത്തുനിൽക്കേണ്ടി വരും. മുൻകൂട്ടി ബുക്ക് ചെയ്ത രോഗികളോട് വരാൻ പറഞ്ഞ സമയത്തിന് മാറ്റം വന്നാൽ അക്കാര്യം രോഗികളെ അറിയിക്കാൻ നിലവിൽ മിക്ക ആശുപത്രികളിലും സംവിധാനമില്ല. ഇതിന് പരിഹാരമായി നൂതന സാങ്കേതികവിദ്യയുമായി ഒരു സംഘം യുവാക്കൾ രംഗത്തുവന്നിരിക്കുകയാണ്.

മിഷൻ ‘അൺക്യൂ’

കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപ പടർന്നു. പലർക്കും ആശുപത്രികളിൽ നിന്നാണ് നിപ, കോവിഡ് പോലുള്ള മഹാമാരികൾ പകരുന്നത്. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുകയും ഡോക്ടർമാരുടെയും സമയം ലാഭിക്കുകയും ചെയ്യുക എന്ന ലക്ഷ‍്യത്തോടെ കേരള സ്റ്റാർട്ടപ് മിഷന്‍റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത നിർമിതബുദ്ധി വെബ് ആപ് ‘അൺക്യൂ’ ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും സാമൂഹിക അകലം പാലിക്കാനും സഹായിക്കുന്നു. ബംഗളൂരു ആസ്ഥാനമായ അൺക്യൂ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിനുപിന്നിൽ. മലയാളികളായ മുഹമ്മദ് ജാസിം (സി.ഇ.ഒ), റാഷിദ് (സി.ടി.ഒ), അബ്ദുൽ മനാഫ് (Artificial Intelligence Expert) എന്നിവരാണ് നേതൃത്വം നൽകുന്നത്.

ബുക്ക് ചെയ്യാം, ധൈര്യമായി

സന്ധിവേദനയുള്ള ഉമ്മയുമായി ആശുപത്രിയിൽ പോകുമ്പോഴുള്ള നീണ്ട കാത്തിരിപ്പ് മുഹമ്മദ് ജാസിമിനെ അസ്വസ്ഥനാക്കിയിരുന്നു. ഡോക്ടറുമായി കൂടിക്കാഴ്ചക്ക് ബുക്ക് ചെയ്തിട്ട് പോയാലും കാത്തിരിപ്പിന് മാറ്റമില്ല. ഈ സാഹചര്യത്തിലാണ് രോഗികൾക്കും ഡോക്ടർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ ജാസിം തീരുമാനിച്ചത്. എം.ടെക് ബിരുദധാരിയും സോഫ്റ്റ്‍വെയർ ഡെവലപ്പറുമായ അദ്ദേഹം ഇതിനായി വെബ് ആപ് വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പ്രോഡക്ട് മാനേജറായി റാഷിദിനെയും അബ്ദുൽ മനാഫിനെയും ഉൾപ്പെടുത്തി ജാസിം ഒരു ടീം രൂപവത്കരിച്ചു. 2020ൽ ബംഗളൂരുവിൽ കുറച്ച് ഇന്‍റേണികൾക്കൊപ്പം പ്രവർത്തനമാരംഭിച്ചു. ക്യൂ മാനേജ്മെന്‍റിലെ പ്രതിസന്ധികളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ബംഗളൂരുവിലെ 50 ഡോക്ടർമാർക്കിടയിൽ ഫീൽഡ് സർവേ നടത്തി. ആ സർവേയിൽ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ക്യൂ മാനേജ്മെന്‍റ് സംവിധാനം കാര്യക്ഷമമല്ലാത്തതുകൊണ്ട് പല ക്ലിനിക്കുകൾക്കും സാമ്പത്തിക നഷ്ടമുണ്ടായി. അങ്ങനെ ക്ലിനിക്കുകൾക്ക് തത്സമയം ക്യൂ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ക്യൂ മാനേജ്മെന്‍റ് സംവിധാനം പുനർരൂപകൽപന ചെയ്യാൻ തീരുമാനിച്ചു. ചെലവ് കുറക്കാൻ ക്ലൗഡ് അധിഷ്ഠിതമായ വെബ് ആപ്പാണ് ഇവർ വികസിപ്പിച്ചത്. പിന്നീട് മലപ്പുറം പുളിക്കലിലെ സേഫ് ഡോന്‍റോകെയർ എന്ന തിരക്കുള്ള ഡെന്‍റൽ ക്ലിനിക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ ആപ് നടപ്പാക്കി പ്രായോഗികതലത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കുകയും അവ പരിഹരിക്കുകയും ചെയ്തു.

എങ്ങനെ പ്രവർത്തിക്കും?

ഡോക്ടറുമായി കൂടിക്കാഴ്ച ബുക്ക് ചെയ്യുന്ന രോഗിയുടെ മൊബൈൽ ഫോണിലേക്ക് ആശുപത്രിയിൽനിന്ന് ബുക്കിങ് സ്ഥിരീകരിച്ച് എസ്.എം.എസ് ലഭിക്കും. അതിൽ ഒരു വെബ് ലിങ്കും ഉണ്ടാകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ രോഗിയുടെ പുതുക്കിയ ബുക്കിങ് സമയം ലഭിക്കും. തനിക്ക് മുന്നിൽ എത്ര രോഗികളുണ്ട്, അവരെ കാണാൻ ഡോക്ടർ എടുക്കാൻ സാധ‍്യതയുള്ള സമയം, അതനുസരിച്ച് ആശുപത്രിയിലെത്തേണ്ട സമയം ഇവയെല്ലാം ഈ ആപ് ക്രമീകരിക്കും. അതോടൊപ്പം ആശുപത്രിയിലേക്കുള്ള ഗൂഗ്ൾ മാപ്പും എസ്.എം.എസിന്‍റെ കൂടെ ലഭിക്കും. അങ്ങനെ രോഗിക്ക് തനിക്ക് അനുവദിച്ച സമയം കണക്കാക്കി വീട്ടിൽനിന്ന് ഇറങ്ങാം. ആശുപത്രിയിൽ കാത്തിരുന്ന് മുഷിയേണ്ടതില്ല.

രോഗികളുടെ മാത്രമല്ല, ആശുപത്രി അധികൃതരുടെയും ഡോക്ടറുടെയും സമയനഷ്ടം കുറക്കാൻ ആപ് സഹായിക്കുന്നു. ആശുപത്രിയിലെ ഫ്രണ്ട് ഓഫിസിൽ എത്തുന്ന രോഗിയുടെ ആവശ‍്യങ്ങൾ ചോദിച്ചറിയുന്ന ജീവനക്കാർ അത് ഉൾപ്പെടുത്തുന്നതോടെ ഈ സേവനങ്ങൾക്ക് ഡോക്ടർ എടുക്കാൻ സാധ‍്യതയുള്ള സമയം ആപ് ക്രമീകരിക്കുന്നു. ഇതനുസരിച്ച് ഇനി വരാനുള്ള രോഗികൾക്ക് ലഭിച്ച മെസ്സേജിലെ ലിങ്കിൽ അവരുടെ കൂടിക്കാഴ്ച സമയം പുതുക്കിനൽകും. ഈ സംവിധാനം ഡോക്ടറുടെ സമയനഷ്ടം കുറക്കുന്നു. അങ്ങനെ ഡോക്ടർക്ക് ഒരുദിവസം കൂടുതൽ രോഗികളെ പരിശോധിക്കാം, സമയത്തിന് വീട്ടിൽ പോകാം. ആപ്പിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാർക്കും ഡോക്ടർക്കും വ്യത്യസ്ത ലോഗിൻ ഐ.ഡിയുണ്ട്. ഡോക്ടർക്ക് രോഗിക്കുള്ള മരുന്ന് ശീട്ട് ആപ്പിന്‍റെ സഹായത്തോടെ തയാറാക്കാം (Digital prescription). ഇതിനായി ആശുപത്രിയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ പട്ടിക ആപ്പിൽ ഉൾപ്പെടുത്താം. കൂടാതെ, ബില്ലിങ്ങും ഇതിലൂടെ സാധ‍്യമാകും. ഒരു ഡോക്ടർക്ക് ബുക്കിങ് കൂടുതലാണെങ്കിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാർക്ക് ബുക്ക് ചെയ്ത രോഗികളെ മറ്റൊരു ഡോക്ടറുടെ ലിസ്റ്റിലേക്ക് ട്രാൻസ്ഫർ ചെയ്യാം. അങ്ങനെ സമ്പൂർണ കടലാസ് രഹിത സംവിധാനം ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും പ്രാബല്യത്തിൽ കൊണ്ടുവരാനാകും.

ബുക്ക് ചെയ്യാതെ വരുന്ന രോഗികളെയും ആപ്പിൽ ഉൾപ്പെടുത്താം. ആശുപത്രിയുടെ മുൻ ഭാഗത്ത് തയാറാക്കിയ അൺക്യൂ കിയോസ്ക് ഉപയോഗിച്ച് രോഗികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനും സാധിക്കും. കൂടാതെ രോഗികൾക്ക് മൊബൈലിൽ അൺക്യൂ ആപ്പിൽ കയറി ഓൺലൈനായി ഡോക്ടറുടെ കൂടിക്കാഴ്ച ബുക്ക് ചെയ്യാം. അങ്ങനെ രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സമയനഷ്ടം കുറക്കാനും ആശുപത്രി പ്രവർത്തനം പൂർണമായി ഡിജിറ്റലാക്കാനും ഇതിലൂടെ സാധിക്കുന്നു. കോഴിക്കോട്ടെയും ഒമാനിലെയും നിരവധി ആശുപത്രികളും ക്ലിനിക്കുകളും അൺക്യൂ ആപ് ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - No more waiting, you have Ai web app called UNQ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.