‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കുന്നത് എന്തിന്? പ്രവർത്തനം എങ്ങനെ? വിശദമായറിയാം...

ന്യൂഡൽഹി: രാജ്യത്ത് സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന സഞ്ചാർ സാഥി ആപ്പ് 2024 ജനുവരിയിലാണ് ലോഞ്ച് ചെയ്തത്. ആപ്പിന്‍റെ സഹായത്തോടെ ഇതുവരെ നഷ്ടമായ 22.76 ലക്ഷം ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞെന്നാണ് സർക്കാർ കണക്കുകൾ. ഒക്ടോബറിൽമാത്രം 50,000 ഫോണുകൾ കണ്ടെത്തിയതായും പറയുന്നു.

രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനാണ് നിർമാണക്കമ്പനികൾക്ക്‌ കേന്ദ്രസർക്കാർ നൽകിയ നിർദേശം. 90 ദിവസത്തെ സമയമാണ് ഇത്‌ നടപ്പാക്കാൻ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ളത്. ആപ്പ് ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധത്തിലാകണമെന്ന നിർദേശത്തിൽ ഇപ്പോൾ അയവ് വന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ ഉൽപാദകരായ ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിർബന്ധമായും നിബന്ധന പാലിക്കണമെന്നാണ് നവംബർ 28ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ നിർദേശം.

മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പർ തിരുത്തുകയോ പകർത്തുകയോചെയ്യുന്ന സാഹചര്യങ്ങളിൽ ടെലകോം മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ആപ്പ് നിർണായകമാണെന്ന് സർക്കാർ പറയുന്നു. എന്നാൽ, ആപ്പിളിന്റെ സ്വകാര്യതാനയത്തിന്‌ വിരുദ്ധമാണിതെന്ന് വാദമുണ്ട്. സ്പാം തടയുന്നതിനുള്ള ആപ്പ് ഉൾപ്പെടുത്താൻ നേരത്തേ ആപ്പിൾ വിസമ്മതിച്ചിരുന്നു. ആപ്പിളിന്റെ നയമനുസരിച്ച് പ്രൊപ്രൈറ്ററി ആപ്പുകൾ മാത്രമാണ് കമ്പനി നിർമാണഘട്ടത്തിൽ ഇൻസ്റ്റാൾചെയ്യുക. സർക്കാറിന്റെ അല്ലെങ്കിൽ തേഡ് പാർട്ടി ആപ്പുകൾ വിൽപ്പനക്കുമുമ്പായി ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി നയത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓരോ ഫോണിലും 14 മുതൽ 17 അക്കംവരെയുള്ള ഐ.എം.ഇ.ഐ നമ്പരുണ്ട്. മൊബൈൽ ഫോണിനെ തിരിച്ചറിയാനുള്ള സവിശേഷ നമ്പറാണിത്. ഫോൺ മോഷണംപോയാൽ ഈ ആപ്പ് ഉപയോഗിച്ച് അധികൃതർക്ക് ഈ നമ്പറിലേക്കുള്ള നെറ്റ്‌വർക്ക് വിച്ഛേദിക്കാനാകും. സഞ്ചാർ സാഥി ആപ്പുപയോഗിച്ച് കേന്ദ്രീകൃത പോർട്ടൽവഴി ഉപയോക്താക്കൾക്ക് ഐ.എം.ഇ.ഐ നമ്പർ പരിശോധിക്കാനും സംശയകരമായ കോളുകൾ റിപ്പോർട്ടു ചെയ്യാനും മോഷണംപോയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും സൗകര്യമുണ്ട്. നിലവിൽ ഈ ആപ്പ് ലക്ഷക്കണക്കിന് ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Why Indian govt wants smartphone makers to pre-install Sanchar Saathi app on all devices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.