സാൻഫ്രാൻസിസ്കോ: പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ മോഡലുകളെ ആശ്രയിക്കുന്നത് കുറക്കാൻ മൈക്രോസോഫ്റ്റ് അടിയന്തര നീക്കം തുടങ്ങി. ക്ലോഡ് എ.ഐ ഉപയോഗിക്കുന്നത് കമ്പനിക്ക് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും, ആന്ത്രോപിക്കിന് നൽകുന്ന തുക പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മൈക്രോസോഫ്റ്റ് എ.ഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വെളിപ്പെടുത്തി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പലരും ഓപ്പൺ എ.ഐയെ ആണ് മൈക്രോസോഫ്റ്റിന്റെ പ്രധാന പങ്കാളിയായും എതിരാളിയായും കാണുന്നതെങ്കിലും, നിലവിൽ ചിലവ് കുറക്കുന്ന കാര്യത്തിൽ കമ്പനിയുടെ പ്രധാന ലക്ഷ്യം ആന്ത്രോപിക്കാണെന്ന് അദ്ദേഹം പറഞ്ഞു. 'ആന്ത്രോപിക് എ.ഐ മോഡലുകൾക്ക് വിപണിയിൽ കടുത്ത വിലയാണ്. പല കമ്പനികളും ഇതിനകം തന്നെ ഇതിന് പകരക്കാരായ മറ്റ് ബദലുകൾ തിരയുകയാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ തോതിൽ എ.ഐ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കമ്പനികൾക്ക് വരുന്ന ബില്ലുകൾ താങ്ങാൻ കഴിയാത്ത രീതിയിൽ ഉയരുകയാണ്. മൈക്രോസോഫ്റ്റിലെ വിവിധ എൻജിനീയറിങ് ടീമുകൾ കോഡിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി നിലവിൽ ദശലക്ഷക്കണക്കിന് ഡോളറാണ് ടോക്കണുകൾക്കായി ചിലവഴിക്കുന്നത്.
എ.ഐ ചിലവുകൾ ആഗോളതലത്തിൽ കമ്പനികളെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു എന്നതിന് ഉദാഹരണമായി ഊബറിന്റെ അനുഭവം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2026ലെ തങ്ങളുടെ എ.ഐ കോഡിങ് ബജറ്റ് മുഴുവൻ ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ഊബറിന് നഷ്ടമായി. മറ്റൊരു പ്രമുഖ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് എ.ഐ ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിക്കാൻ മറന്നതിനെ തുടർന്ന് വെറും 20 ദിവസം കൊണ്ട് 500 മില്യൺ ഡോളറിന്റെബില്ലാണ് ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചിലവ് കുറഞ്ഞ എ.ഐ മോഡലുകൾ സ്വന്തമായി വികസിപ്പിക്കാൻ മൈക്രോസോഫ്റ്റ് നിർബന്ധിതരായത്.
തങ്ങളുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ബിൽഡ്' ൽ മൈക്രോസോഫ്റ്റ് ഏഴ് പുതിയ എ.ഐ മോഡലുകൾ അവതരിപ്പിച്ചു. ഇതിൽ 'MAI-Thinking-1' എന്ന റീസണിങ് മോഡൽ, ആന്ത്രോപിക്കിന്റെ ഏറ്റവും മികച്ച മോഡലായ ക്ലോഡ് ഓപ്പസ് 4.6 (Claude Opus 4.6)നോട് കിടപിടിക്കുന്നതാണെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസിക്ക് വേണ്ടി തങ്ങളുടെ മോഡലുകൾ പരിഷ്കരിച്ചപ്പോൾ വൻ ചിലവ് കുറക്കാൻ സാധിച്ചതായും, ഓപ്പൺ എ.ഐയുടെ ജിപിടി 5-5 മോഡലിനേക്കാൾ മികച്ച പ്രകടനവും ചിലവ് കാര്യക്ഷമതയും ഇത് വഴി കൈവരിച്ചതായും സുലൈമാൻ അവകാശപ്പെട്ടു. അഡോബിയുമായും തദ്ദേശീയമായ ഈ എ.ഐ മോഡലുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തിവരികയാണ്.
ഓപ്പൺ എ.ഐയുമായി മൈക്രോസോഫ്റ്റിന് നിലവിലുള്ള ദീർഘകാല പങ്കാളിത്ത കരാർ പ്രകാരം അവർക്ക് കുറഞ്ഞ നിരക്കിൽ എഐ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ 2032 വരെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതിയും മൈക്രോസോഫ്റ്റിനുണ്ട്. എന്നാൽ ആന്ത്രോപിക്കുമായി ഇത്തരം ദീർഘകാല ഇളവുകളൊന്നും ഇല്ലാത്തതാണ് ക്ലോഡ് എ.ഐ മൈക്രോസോഫ്റ്റിന് വലിയ ബാധ്യതയാകാൻ കാരണം.
എന്റർപ്രൈസ് കോഡിങ് രംഗത്ത് ആന്ത്രോപിക്കിന്റെ ക്ലോഡ് വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഈ മേഖലയിൽ തങ്ങളുടെ അസ്സൂർ ക്ലൗഡ് വഴി കുറഞ്ഞ ചിലവിൽ സ്വന്തം എ.ഐ മോഡലുകൾ എത്തിക്കാൻ കഴിഞ്ഞാൽ ഉപഭോക്താക്കളെ മൈക്രോസോഫ്റ്റിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. എങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് മൈക്രോസോഫ്റ്റ് വലിയ മുന്നേറ്റം നടത്തിയെങ്കിലും, ഓരോ മാസവും പുതിയ സാങ്കേതികവിദ്യകളുമായി എത്തുന്ന ആന്ത്രോപിക്കിനെപ്പോലുള്ള കമ്പനികളോട് വിപണിയിൽ മത്സരിച്ചുനിൽക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് മുസ്തഫ സുലൈമാൻ സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.