അർത്തുറോ ബെജാർ
ന്യൂയോർക്ക്: മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സുരക്ഷാ ഗവേഷകൻ അർത്തുറോ ബെജാർ. കമ്പനിയുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സുരക്ഷാ ആശങ്കകൾ ബോധപൂർവ്വം അവഗണിച്ചുവെന്നാണ് ആരോപണം. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുടെ കാര്യത്തിൽ മെറ്റ ‘ചോദിക്കരുത്, പറയരുത്’ എന്ന നയമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കാലിഫോർണിയ ഫെഡറൽ കോടതിയിൽ വ്യക്തമാക്കി.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വഴി കുട്ടികൾക്കും കൗമാരക്കാർക്കും മാനസികമായ ദോഷങ്ങൾ ഉണ്ടാകുന്നുവെന്ന് കാണിച്ച് 29 യു.എസ് സംസ്ഥാനങ്ങൾ മെറ്റക്കെതിരെ ഫയൽ ചെയ്ത സുപ്രധാന കേസിലെ വിചാരണ വേളയിലാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായത്. കമ്പനിയിൽ വിശാലമായ അധികാരങ്ങളുണ്ടായിട്ടും സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സി.ഇ.ഒ മാർക്ക് സക്കർബർഗ് കാര്യമായൊന്നും ചെയ്തില്ലെന്നും ബെജാർ കുറ്റപ്പെടുത്തി.
2009 മുതൽ 2015 വരെ മെറ്റയുടെ സുരക്ഷാ ടീമിൽ പ്രവർത്തിക്കുകയും, പിന്നീട് 2019 നും 2021 നും ഇടയിൽ കൺസൾട്ടന്റായി വീണ്ടും സേവനം അനുഷ്ഠിക്കുകയും ചെയ്തയാളാണ് അർത്തുറോ ബെജാർ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താൻ സക്കർബർഗുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ജൂറികളോട് പറഞ്ഞു. ‘കുട്ടികളുടെ കാര്യത്തിൽ നിങ്ങൾക്ക് മാർക്ക് സക്കർബർഗിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല,’ ബെജാർ കോടതിയിൽ തുറന്നടിച്ചു. യുവ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ മെറ്റ പ്രതിജ്ഞാബദ്ധമാണെന്ന് വരുത്തിതീർക്കാൻ കമ്പനി ശ്രമിച്ചെങ്കിലും അത് തെറ്റായ ഒരു പ്രതീതി മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലെ ഉപയോക്താക്കൾ ചെറുപ്പക്കാരായ കുട്ടികളായിരിക്കുമെന്ന ചിന്തയാണ് കമ്പനിയെ ഇത്തരം കാര്യങ്ങളിൽ നിന്നും കണ്ണടക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 18-ന് ആരംഭിച്ച ഈ നിയമപോരാട്ടം ആറ് ആഴ്ചയോളം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. കേസിൽ മാർക്ക് സക്കർബർഗും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സെറിയും സാക്ഷിയായി മൊഴി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ ഘടനയിലൂടെ കൗമാരക്കാരുടെ മാനസികാരോഗ്യ തകർച്ചക്ക് മെറ്റ വഴിയൊരുക്കിയെന്നാണ് 29 സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്നും വലിയ തുക പിഴയായി ഈടാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം മെറ്റ പൂർണമായും തള്ളിക്കളഞ്ഞു. കുട്ടികൾക്കായി പാരന്റൽ കൺട്രോളുകളും ടൈം ലിമിറ്റുകളും പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, ഓൺലൈൻ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മെറ്റയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.