പുതിയ അക്കാദമിക വർഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്ക് വലിയൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ. കോളേജ് വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിളിന്റെ ജെമിനി എഐ പ്ലസ് സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളിലെ കോളേജ് വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ എഐ പ്ലസ് സൗജന്യമായിരിക്കും.
വിദ്യാർത്ഥികൾക്കിടയിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ ഈ പുതിയ ചുവടുവെപ്പ്. ഈ ഓഫറിലൂടെ വിദ്യാർത്ഥികൾക്ക് ജെമിനി ഒമ്നി സേവനവും, രണ്ട് മടങ്ങ് അധിക ഉപയോഗ പരിധി, 400 ജിബി (400 GB) ക്ലൗഡ് സ്റ്റോറേജ് എന്നിവ സൗജന്യമായി ലഭിക്കും.
പഠനം കൂടുതൽ എളുപ്പമാക്കുന്നതിനായി ജെമിനി ആപ്പിൽ പുതിയൊരു സ്റ്റുഡന്റ് ഹബ് ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തമായി സ്റ്റഡി നോട്ട്ബുക്കുകൾ നിർമ്മിക്കാനും, ഫ്ലാഷ്‌കാർഡുകൾ ഉണ്ടാക്കാനും, പരിശീലന ക്വിസുകളിൽ പങ്കെടുക്കാനും സാധിക്കും.
ഇതിനുപുറമേ, ഗൂഗിൾ എഐ പ്രോ പ്ലാനും യൂട്യൂബ് പ്രീമിയവും ചേർന്ന ബണ്ടിൽ പാക്കേജ് വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ വലിയ വിലക്കിഴിവിൽ ലഭ്യമാക്കുന്നുണ്ട്. പഠനത്തിലും ഗവേഷണത്തിലും വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ജെമിനി ലൈവ് വഴിയുള്ള ഡീപ് റിസർച്ച് സൗകര്യവും ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി (gemini.google.com/students) ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗൂഗിൾ പ്ലസിന് പ്രതിമാസം 399 രൂപയാണ് ഈടാക്കുന്നത്. അങ്ങനെയെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്തിയാൽ വിദ്യാർഥികൾക്ക് വർഷം 4788 രൂപയുടെ പ്ലാൻ സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.