‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റർ സെൻസർ ചെയ്തതെന്ന് റിപ്പോർട്ട്; പ്രതികരിച്ച് ഇലോൺ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയൽ ശ്രമങ്ങളെ അതിജീവിച്ച് രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദർശനങ്ങൾ പൊടിപൊടിക്കുകയാണ്.

യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളും ബി.ബി.സി ഡോക്യുമെന്ററി സെൻസർ ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡോക്യുമെന്ററിയുടെ ക്ലിപ്പുകളും ലിങ്കുകളും ഉൾകൊള്ളുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമ ഭീമൻമാർക്ക് നൂറുകണക്കിന് റിക്വസ്റ്റുകൾ കേന്ദ്ര സർക്കാർ അയച്ചതായും റിപ്പോർട്ടിൽ പറയുകയുണ്ടായി.

മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുന്നത് ചോദ്യം ചെയ്തുകൊണ്ട് വിവാ ഫ്രേയ് എന്നയാൾ രംഗത്തുവരികയും ചെയ്തു. ‘ദ ഇന്റർസെപ്റ്റി’ന്റെ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇലോൺ മസ്കിനോട് അദ്ദേഹം ചോദ്യമുന്നയിച്ചത്. ‘അഭിപ്രായ സ്വാതന്ത്ര്യത്തിൽ നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വിറ്റർ തികച്ചും സെൻസർഷിപ്പിലേക്ക് മാറിയതായി തോന്നുന്നു എന്ന് വിവാ ഫ്രേയ് കുറിച്ചു.

എന്നാൽ, ട്വീറ്റിനോട് ഇലോൺ മസ്ക് പ്രതികരിച്ചു. ‘‘ഞാനിത് ആദ്യമായാണ് കേൾക്കുന്നത്. ടെസ്‌ലയും സ്‌പേസ് എക്‌സും നിയന്ത്രിക്കുന്നതിനിടയിൽ ലോകമെമ്പാടുമായി നടക്കുന്ന ട്വിറ്ററിലെ എല്ലാ വിഷയങ്ങളും ഒറ്റരാത്രികൊണ്ട് പരിഹരിക്കാൻ എനിക്ക് സാധ്യമല്ല’’ -ഇലോൺ മസ്ക് മറുപടിയായി കുറിച്ചു. 


Tags:    
News Summary - Musk on report Twitter censored BBC documentary on PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.