റെയിൽ പാതയിലെ വൈദ്യുതീകരണ മികവിന് ദേശീയ പുരസ്കാരം നേടി എം.എസ്. റോഹൻ

കൊട്ടിയം: എം.എസ്. റോഹൻ തിരക്കിലാണ്, റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന അടുത്ത പദ്ധതിയുടെ തിരക്കിൽ. പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയുടെ വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുകയാണ്, ഒപ്പം റെയിൽവേ ഏൽപ്പിക്കുന്ന മറ്റു ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ തിരക്കുപിടിച്ച കൃത്യനിർവഹണത്തിനിടയിൽ അർഹിച്ച അംഗീകാരം തേടിയെത്തിയതിന്‍റെ സന്തോഷവും റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ എം.എസ്. റോഹന് പങ്കുവെക്കാനുണ്ട്.

കൊല്ലം-പുനലൂർ റെയിൽവേപാതയുടെ വൈദ്യുതീകരണം കൃത്യസമയത്തിനും മുമ്പേ പൂർത്തിയാക്കിയതിന് ഇക്കൊല്ലത്തെ റെയിൽവേയുടെ ദേശീയ പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

മേയ്‌ 28ന് ഭുവനേശ്വറിൽ നടന്ന റെയിൽവേ മന്ത്രാലയത്തിന്‍റെ 67ാമത് ദേശീയ പുരസ്കാരദാന ചടങ്ങിൽ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് റോഹൻ ആദരവ് ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി ആകെ 156 ജീവനക്കാരാണ് ഇക്കുറി ദേശീയപുരസ്കാരത്തിന് അർഹരായത്. കൊല്ലം-പുനലൂർ പാതക്കു പുറമേ മാനാമധുര-മധുര, മാനാമധുര-രാമനാട്, മാനാമധുര-വിരുദുനഗർ എന്നീ സെക്ഷനുകളിലായി മൊത്തം 214 കിലോമീറ്റർ പാതയാണ് ഇക്കൊല്ലം റോഹന്‍റെ മേൽനോട്ടത്തിൽ വൈദ്യുതീകരിച്ചത്.

വിരുദുനഗർ-തെങ്കാശി, മാനാമധുര-കാരക്കുടി, ചെങ്കോട്ട-പുനലൂർ സെക്ഷനുകളിലായി 234 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണ പ്രവൃത്തികളുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ.

ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിനു സമീപം സചിൻ വിഹാറിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച സീനിയർ സൂപ്രണ്ട് മോഹനന്‍റെയും വിരമിച്ച അധ്യാപിക ശാന്തകുമാരിയുടെയും മകനാണ് റോഹൻ. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന്‌ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ റോഹൻ 2015ലാണ് എൻജിനീയറിങ് സർവിസസ് പരീക്ഷയെഴുതി റെയിൽവേയിൽ ചേർന്നത്. മധുരയിൽ സ്റ്റേഷൻ മാസ്റ്ററായ പഞ്ചമിയാണ് ഭാര്യ. ജാൻവി റോഹൻ, ജുവാന റോഹൻ എന്നിവർ മക്കളും.

Tags:    
News Summary - MS Rohan won the National Award for Electrification on Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.