അമച്വർ വിഡിയോകളുടെ ഇടമെന്നതിൽനിന്ന് ഹോളിവുഡിനെക്കാൾ വലുതും ലോകത്തെ ഒന്നാം നമ്പർ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി മാറിയ യൂട്യൂബിന് 20 വയസ്സ് പൂർത്തിയായത് കഴിഞ്ഞ മാസം. 2024ൽ യു.എസിലും കാനഡയിലുമായി 82.3 കോടി സിനിമ ടിക്കറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ യൂട്യൂബിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള മിസ്റ്റർ ബീസ്റ്റിന്റെ ജനപ്രിയ വിഡിയോക്ക് മാത്രം 76.2 കോടി കാഴ്ചക്കാരുണ്ടായിരുന്നു. അതായത് ഭൂമിയിലെ പത്തിൽ ഒരാൾ വീതം ഇത് കണ്ടു എന്നർഥം. എന്നാൽ, ഇതൊരു പുറംകാഴ്ച മാത്രമാണെന്നും യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിലെ 1480 കോടി വിഡിയോകളിൽ ഭൂരിഭാഗവും ഇതുവരെ ആരും കാണാത്തവയാണെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനർഥം ശരാശരി ഒരു വിഡിയോക്ക് 41 വ്യൂ മാത്രം. മാസച്യുസെറ്റ്സ് സർവകലാശാല ഗവേഷകരുടേതാണ് ഈ കണക്ക്.
വളരെക്കുറച്ച് ഇൻഫ്ലുവൻസർമാർ ഒഴികെ ഭൂരിഭാഗം പേരും യൂട്യൂബിനെ ഒരു പത്തായപ്പുര ആയാണ് കാണുന്നത്. സ്വന്തം ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ മെമ്മറി മെനക്കെടുത്താതെ തങ്ങളുടെ ഓർമകളെ സൂക്ഷിച്ചുവെക്കാനുള്ള ഒരിടം മാത്രമാണവർക്ക് യൂട്യൂബ്.
‘യൂട്യൂബ് വെറും ഇൻഫ്ലുവൻസർമാർക്ക് വേണ്ടിയുള്ളതല്ല. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം കൂടിയാണിത്. എല്ലാ ഉള്ളടക്കങ്ങൾക്കും തുല്യപരിഗണന നൽകുന്ന അൽഗോരിതമായതിനാൽ അവക്കും ഇടംകിട്ടുന്നു. പക്ഷേ, ആരും കാണാനില്ലാത്തതുകൊണ്ട് അത്തരം വിഡിയോകൾ അവിടെ കുഴിച്ചുമൂടപ്പെട്ടു കിടക്കുന്നുവെന്നു മാത്രം’ -ഗവേഷകൻ എഥാൻ സുക്കർമാൻ പറയുന്നു.
യൂട്യൂബിലെ വിദ്വേഷ പ്രസംഗം, വ്യാജവിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തിയവർക്ക് അവയെല്ലാം മോശമല്ലാതെ കാണപ്പെടുന്നുണ്ടെന്നും കാഴ്ചക്കാരില്ലാതെ കിടക്കുന്നതിൽ കൂടുതലും, നിഷ്പക്ഷവും പോസിറ്റിവുമായ കാര്യങ്ങൾ പറയുന്ന വിഡിയോകളാണെന്നാണ്. കൂടാതെ, ഭൂമിയുടെ ഓരോ അറ്റത്തുമുള്ള സാധാരണ മനുഷ്യരുടെ യഥാർഥ ജീവിതത്തിൽനിന്നുള്ള നിമിഷങ്ങളും യൂട്യൂബിന്റെ അടിത്തട്ടിൽ ആരും കാണാനില്ലാതെ വിശ്രമിക്കുന്നതായും അവർ കണ്ടെത്തി. അതായത്, ഭൂമിയിലെമ്പാടുമുള്ള മനുഷ്യജീവിതത്തെക്കുറിച്ച് ഒരു നല്ല പഠനം നടത്താൻ ആവശ്യമായതെല്ലാം ഇവിടെയുണ്ടെന്നർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.