ഗസ്സ വംശഹത്യയുടെ ആദ്യ വർഷത്തിൽ ഇസ്രായേലുമായി 12.5 കോടി ഡോളറിന്റെ കരാറിൽ മൈക്രോസോഫ്റ്റ് ഒപ്പുവെച്ചതായി വെളിപ്പെടുത്തൽ
വാഷിങ്ടൺ: ഗസ്സയിൽ വംശഹത്യ രൂക്ഷമായിരുന്ന 2024-ൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് കോടികളുടെ കരാറിൽ ഒപ്പുവെച്ചതായി വെളിപ്പെടുത്തൽ. ഇസ്രായേൽ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട വാർഷിക ബജറ്റ് റിപ്പോർട്ട് വിശകലനം ചെയ്തുകൊണ്ട് മാധ്യമസ്ഥാപനമായ 'മിഡിൽ ഈസ്റ്റ് ഐ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സോഫ്റ്റ്‌വെയർ ലൈസൻസുകൾ വാങ്ങുന്നതിനായി ഏകദേശം 46.4 കോടി ഷെക്കൽ (ഏകദേശം 12.54 കോടി യു.എസ് ഡോളർ) മൂല്യമുള്ള കരാറാണ് ഇരുവിഭാഗവും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. 2027 വരെ കാലാവധിയുള്ളതാണ് ഈ കരാർ.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ സംഭരണ കരാറുകളുടെ പട്ടികയിലാണ് മൈക്രോസോഫ്റ്റുമായുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതെല്ലാം സോഫ്റ്റ്‌വെയറുകളാണ് കരാറിന്റെ ഭാഗമായി നൽകുന്നതെന്നോ, സൈന്യത്തിലെ ഏതെല്ലാം വിഭാഗങ്ങളാണ് ഇവ ഉപയോഗിക്കുന്നതെന്നോ വ്യക്തമാക്കാൻ രേഖകൾ തയാറായിട്ടില്ല. ഇതിന് മുൻപ് 2021ൽ ഇസ്രായേൽ സൈന്യവുമായി മൈക്രോസോഫ്റ്റ് 13.3 കോടി ഡോളറിന്റെ മൂന്നുവർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. നിലവിലെ കരാർ മുൻ കരാറിന്റെ പുതുക്കലാകാം എന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ സൈബർ യുദ്ധവിഭാഗമായ 'യൂണിറ്റ് 8200' ഉൾപ്പെടെയുള്ള മുൻനിര വിഭാഗങ്ങൾ മൈക്രോസോഫ്റ്റിന്റെ ഉപഭോക്താക്കളാണ്.
ഇസ്രായേൽ സൈന്യത്തിന് ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ നൽകുന്നതിനെച്ചൊല്ലി നേരത്തെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഫലസ്തീൻ ജനതയുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും അത് വിശകലനം ചെയ്ത് വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മൈക്രോസോഫ്റ്റിന്റെ 'അസുർ' ക്ലൗഡ് പ്ലാറ്റ്‌ഫോം ഇസ്രായേലി സൈന്യം ഉപയോഗിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേത്തുടർന്ന് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതോടെ, ചില പ്രത്യേക സൈനിക വിഭാഗങ്ങൾക്കുള്ള സേവനങ്ങൾ നിർത്തലാക്കിയതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ സർക്കാരുമായുള്ള പ്രധാന സോഫ്റ്റ്‌വെയർ ലൈസൻസിങ് കരാറുകൾ തടസ്സമില്ലാതെ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകി മൈക്രോസോഫ്റ്റ് ലാഭമുണ്ടാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കുള്ളിൽ തന്നെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി നിരവധി ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. 'നോ അസുർ ഫോർ അപ്പാർതീഡ്' പോലുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ വൻകിട ടെക് കമ്പനികളുടെ ഇസ്രായേൽ അനുകൂല നിലപാടുകൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.