മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

ലണ്ടൻ: മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ബുധനാഴ്ച ആഗോള വ്യാപകമായി തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂർ, ഇ- മെയിലായ ഔട്ട്ലുക്ക്, വിഡിയോ കോൺഫറൻസിങ് സംവിധാനമായ ടീംസ്, ഓൺലൈൻ ഗെയിമായ എക്സ്ബോക്സ് എന്നിവയുടെ സേവനങ്ങളാണ് മണിക്കൂറുകൾ തടസ്സപ്പെട്ടത്. യു.എസ്, യൂറോപ്പ്, ഏഷ്യ പസിഫിക്, മിഡിലീസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു. എന്നാൽ, ചൈനയിൽ സർവിസുകൾക്ക് തടസ്സമില്ല.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂറിലെ നെറ്റ്‍വർക് തകരാറാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്. പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിഹരിച്ചുവരുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. നിരവധി പേർ സേവനങ്ങൾ തകരാറിലാണെന്ന പരാതിയുമായി സമൂഹ മാധ്യമങ്ങളിൽ എത്തി. ഇന്റർനെറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ആയിരക്കണക്കിന് പേർക്ക് സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളുമടക്കം ആഗോളതലത്തിൽ 28 കോടിയിലധികം ആളുകൾ മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റിന്റെ ത്രൈമാസ ലാഭം 12 ശതമാനം ഇടിഞ്ഞതായി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 10,000 തൊഴിലാളികളെ വെട്ടിക്കുറക്കാൻ കമ്പനി തീരുമാനിച്ചിരുന്നു.

Tags:    
News Summary - Microsoft services are interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.