ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ) മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. ഏകദേശം 8,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള 6,000 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ മരവിപ്പിച്ചത് കൂടാതെയാണ് പുതിയ പിരിച്ചുവിടൽ കൂടി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച മെമ്മോ കമ്പനി ജീവനക്കാർക്ക് നൽകിയത്. എ.ഐ മേഖലയിലേക്ക് ഈ വർഷം135 ബില്യൺ ഡോളർ ചെലവഴിക്കാനാണ് കമ്പനി നീക്കം. മെറ്റ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എ.ഐയിൽ ചെലവഴിച്ച തുകയ്ക്ക് തുല്യമാണിതെന്നാണ് റിപ്പോർട്ട്. തൊഴിൽ വെട്ടിക്കുറയ്ക്കൽ മെറ്റ വക്താവ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല. മെറ്റായുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ മാർക്ക് സക്കർബർഗ് ജനുവരിയിൽ തന്നെ ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. എ.ഐ ഉപകരണങ്ങളെ വളരെയധികം ആശ്രയിച്ചിരുന്ന തൊഴിലാളികൾ ഉൽപ്പാദനക്ഷമതയുള്ളവരായി മാറിയെന്നും മുമ്പ് ഒരു വലിയ ടീം ആവശ്യമായിരുന്ന പ്രോജക്ടുകൾ ഇപ്പോൾ ഒരു വ്യക്തിക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെറ്റാ ഈ വർഷം 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വലിയ തോതിൽ ജീവനക്കാരെ നിയമിച്ചിരുന്ന ടെക് കമ്പനികൾ ഇപ്പോൾ ‘കാര്യക്ഷമത’ വർധിപ്പിക്കുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മനുഷ്യശേഷിക്ക് പകരം ഓട്ടോമേഷനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും കൂടുതൽ നിക്ഷേപം ഇറക്കുന്ന തന്ത്രപരമായ നീക്കമാണ് കമ്പനികൾ നടത്തുന്നത്.
2022 മുതൽ ഇതുവരെ 20,000-ത്തിലധികം തൊഴിലവസരങ്ങൾ മെറ്റ ഒഴിവാക്കിയിരുന്നു. നിലവിലെ സാഹചര്യം അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും, കമ്പനിയുടെ ഭാവി സുരക്ഷിതമാക്കാൻ ഇത്തരം കഠിനമായ തീരുമാനങ്ങൾ അനിവാര്യമാണെന്ന് മെറ്റയുടെ നേതൃത്വം വ്യക്തമാക്കുന്നു. ഈ വർഷം തന്നെ രണ്ട് തവണയായി മെറ്റ ഏകദേശം 2,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 8,000 തസ്തികകൾ കുറച്ചതിന് പുറമേ, മെറ്റാ പിന്നീട് മറ്റ് 8,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നും അഭ്യൂഹങ്ങളുണ്ട്. രണ്ട് പിരിച്ചുവിടലുകള്‍ കമ്പനിയുടെ 79,000 ജീവനക്കാരിൽ 20 ശതമാനത്തെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മറ്റ് മേഖലകളിലേക്ക് നിക്ഷേപം ഇറക്കുന്നതിനുമാണ് പിരിച്ചുവിടെലെന്നാണ് മെറ്റ ജീവനക്കാർക്ക് നൽകിയ മെമ്മോയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.