മസ്കിന് യു.എസിന്‍റെ പരമോന്നത ശാസ്ത്ര ബഹുമതി; മഞ്ഞുരുകിയതിന് പിന്നാലെ വീണ്ടും ട്രംപ് പാളയത്തിൽ ടെസ്ല മേധാവി

വാഷിങ്ടൺ: ശാസ്ത്ര-സാങ്കേതിക രംഗത്തെ സംഭാവനകൾക്ക് യു.എസ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്ന് ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, എ.എം.ഡി മേധാവി ലിസ സൂ എന്നിവർക്കും മസ്കിനൊപ്പം നാഷനൽ മെഡൽ ഓഫ് സയൻസ് ലഭിക്കും. വൈറ്റ് ഹൗസിൽ നടക്കുന്ന ‘സയൻസ്: എ ന്യൂ ഗോൾഡൻ ഏജ്’ ഉച്ചകോടിയിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. ശാസ്ത്ര-സാങ്കേതിക മേഖലയിൽ നിർണായക സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം നൽകുന്നത്. ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും യു.എസ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് നാഷനൽ മെഡൽ ഓഫ് സയൻസ്.

അതേസമയം, ഡെൽ ടെക്നോളജീസ് സി.ഇ.ഒ മൈക്കൽ ഡെല്ലിനും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലക്കും നാഷനൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്കാരം നൽകും. സാങ്കേതിക മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതിയായാണ് ഈ പുരസ്കാരത്തെ കണക്കാക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വകാര്യ മേഖലയുടെ നിക്ഷേപം എങ്ങനെ കൂടുതൽ സഹായകരമാകുമെന്നതടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. ശാസ്ത്ര-സാങ്കേതിക രംഗത്ത് യു.എസിന്റെ ആഗോള നേതൃത്വം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ചയുടെ ഭാഗമാകും. ‘ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ഈ സംഭാവനകളിൽ ട്രംപ് ഭരണകൂടം കടപ്പെട്ടിരിക്കും. യു.എസിനെ നവീകരണരംഗത്ത് നയിക്കാൻ ഈ പുരസ്കാര ജേതാക്കൾ സഹായിക്കുന്നു’ എന്ന് വൈറ്റ് ഹൗസ് വക്താവ് ലിസ് ഹസ്റ്റൺ പറഞ്ഞു.

അതേസമയം, ഒരിടവേളക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഇലോൺ മസ്കിന്റെ ബന്ധം വീണ്ടും മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി സ്ഥാനത്തുനിന്ന് മസ്ക് മാറിയതിന് പിന്നാലെ ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ട്രംപിന്റെ നികുതി-ചെലവ് നിയമനിർമാണത്തെ മസ്ക് വിമർശിച്ചതോടെ ഇത് രൂക്ഷമാകുകയും മസ്കിന്റെ സർക്കാർ കരാറുകൾ സംബന്ധിച്ച് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും വീണ്ടും സന്ധിയിലെത്തിയത്. സെപ്തംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനുവേണ്ടി ട്രംപ് സംഘടിപ്പിച്ച വിരുന്നിലും മസ്കും ജെൻസൻ ഹുവാങ്ങും പങ്കെടുത്തിരുന്നു.

കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ചകളിൽ മസ്ക് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടേക്കാവുന്ന ഭീഷണികൾ കുറയ്ക്കുന്നതിനായി സാങ്കേതിക കമ്പനികൾ സ്വയം നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Elon Musk Wins US Science Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.