'ഞങ്ങളുടെ സ്​മാർട്ട്​ഫോൺ ആർക്കും വേണ്ടേ'..! എങ്കിൽ ഈ കളിക്ക്​ ഞങ്ങളില്ലെന്ന്​ എൽ.ജി

ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി സ്​മാർട്ട്​ഫോൺ വ്യവസായത്തിൽ നിന്നും പടിയിറങ്ങുകയാണെന്ന്​ ഈ വർഷം തുടക്കത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഒടുവിൽ, എൽ.ജി തന്നെ അത്​ സ്ഥിരീകരിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​. വരും ആഴ്​ച്ചകളിൽ കമ്പനി സ്​മാർട്ട്​ഫോൺ വിപണിയിൽ നിന്ന്​ പടിയിറങ്ങും. പുതിയ റോളബ്​ൾ സ്​മാർട്ട്​ഫോണുകൾ ഉൾപ്പടെയുള്ള ഫോണുകൾ വിൽക്കുന്നതും നിർമിക്കുന്നതും നിർത്തിവെക്കും.

ഔദ്യോഗിക ബ്ലോഗ്​ പോസ്റ്റിലൂടെയാണ്​ കമ്പനി തീരുമാനമറിയിച്ചത്​. സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ കടുത്ത മത്സരം ഉദ്ധരിച്ചുകൊണ്ട് "മൊബൈൽ ഫോൺ ബിസിനസിനെക്കുറിച്ച് മികച്ച തീരുമാനം എടുക്കേണ്ടതുണ്ട്" എന്ന് എൽജി സിഇഒ ബ്രയാൻ ക്വോൺ മുമ്പ് പ്രസ്താവിച്ചിരുന്നു.

"അവിശ്വസനീയമാംവിധം മത്സരാധിഷ്ഠിതമായ മൊബൈൽ ഫോൺ മേഖലയിൽ നിന്ന് പുറത്തുകടക്കാനുള്ള തന്ത്രപരമായ തീരുമാനം ഇലക്ട്രിക് വാഹന ഘടകങ്ങൾ, കണക്റ്റഡ്​ ഉപകരണങ്ങൾ, സ്മാർട്ട് ഹോമുകൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിസിനസ്സ്-ടു ബിസിനസ്സ് സൊല്യൂഷൻസ്​ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനിയെ സഹായിക്കുമെന്ന്​" എൽ.ജി ചൂണ്ടിക്കാട്ടുന്നു.


അതേസമയം, വിപണിയിൽ നിലവിലുള്ള സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്‌ക്കായി തുടരുമെന്നും, നിലവിലുള്ള എൽജി ഉപയോക്താക്കൾക്കായി ഒരു നിശ്ചിത കാലയളവിലേക്ക്​ സോഫറ്റ്​വെയർ അപ്‌ഡേറ്റുകൾ നൽകുമെന്നും കമ്പനി വ്യക്തമാക്കി. ഓരോ രാജ്യങ്ങളും അനുസരിച്ച്​ ഈ കാലയളവ് വ്യത്യാസപ്പെടും.

കൂടാതെ, "മറ്റ് ബിസിനസ്സ് മേഖലകളിലെ കമ്പനിയുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിന്" മൊബൈൽ മേഖലയ്ക്കായി 6ജി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് തുടരുമെന്ന് എൽ.ജി പറയുന്നു. ഭാവിയിൽ തങ്ങളുടെ മറ്റ് ഉൽ‌പ്പന്നങ്ങൾ‌ക്കായി സ്മാർട്ട്​ഫോൺ വ്യവസായത്തിലെ പ്രധാന സാങ്കേതികവിദ്യകളും കമ്പനി ഉപയോഗപ്പെടുത്തിയേക്കും.

Tags:    
News Summary - LG Confirms about Shutting down Its Smartphone Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.