ആപ്പിളിന് ഇന്ത്യയുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; മറുപടി നൽകാൻ ഒരാഴ്ച കൂടി

ന്യൂഡൽഹി: ആപ്പ് സ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തെന്ന കേസിൽ അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) അന്തിമ മുന്നറിയിപ്പ്. അന്വേഷണത്തോട് സഹകരിക്കാതെ അനാവശ്യമായി സമയം നീട്ടി ചോദിക്കുന്ന ആപ്പിളിന്റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കമീഷൻ, ഒരാഴ്ചക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഏകപക്ഷീയമായ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി.

കമീഷൻ നടപടികളുമായി മുന്നോട്ട് പോയാൽ കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ നിശ്ചിത ശതമാനം പിഴയായി നൽകേണ്ടി വരും. ഇത് ഏകദേശം 38 ബില്യൺ ഡോളർ വരെയാകാമെന്നാണ് ആപ്പിളിന്റെ ആശങ്ക. 2022ൽ ‘മാച്ച്’ ഗ്രൂപ്പും ഇന്ത്യൻ സ്റ്റാർട്ടപ്പുകളും നൽകിയ പരാതിയുടെ ആടിസ്ഥാനത്തിലാണ് നടപടി. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ ആധിപത്യം ഉപയോഗിച്ച് ആപ്പ് സ്റ്റോറിൽ ആപ്പിൾ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നായിരുന്നു പരാതികാരുടെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ആപ്പിളിന്റെ പെരുമാറ്റം വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തടയുന്നതാണെന്ന് 2024ലെ സി.സി.ഐ റിപ്പോർട്ട് ശരിവെക്കുകയായിരുന്നു.

ആഗോള വിറ്റുവരവ് കണക്കാക്കി പിഴ ചുമത്താനുള്ള നീക്കത്തെ ആപ്പിൾ ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ സി.സി.ഐ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആപ്പിളിന്റെ ആവശ്യം കമ്മീഷൻ തള്ളി. സാമ്പത്തിക വിവരങ്ങൾ കൈമാറാൻ 2024 ഒക്ടോബറിൽ ആവശ്യപ്പെട്ടിട്ടും ആപ്പിൾ പലതവണ അവധി നീട്ടിച്ചോദിച്ചത് നടപടിക്രമങ്ങളെ അട്ടിമറിക്കാനാണെന്നാണ് സി.സി.ഐയുടെ വിലയിരുത്തൽ. ഇനിയും വിട്ടുവീഴ്ച സാധ്യമല്ലെന്നും അടുത്ത ആഴ്ചയോടെ നിലപാട് വ്യക്തമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജനുവരി 27ന് കേസ് കോടതി പരിഗണിക്കുന്നതിന് മുൻപ് സി.സി.ഐക്ക് മറുപടി നൽകേണ്ടതില്ലെന്ന നിലപാടിലാണ് ആപ്പിൾ. നടപടികൾ വൈകിപ്പിച്ച് നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

Tags:    
News Summary - India’s ‘shock treatment’ for Apple; one more week to respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.