കേബിൾ ടി.വിയും പഴങ്കഥയാകുമോ..? കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാമനായി ഒ.ടി.ടി

ഒടുവിൽ അമേരിക്കയിൽ ഓവർ ദ ടോപ് (ഒ.ടി.ടി) സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ കേബിൾ ടി.വിയെ മറികടന്നു. നീൽസൻ എന്ന ആഗോള മാർകറ്റിങ് റിസേർച്ച് സ്ഥാപനം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപിച്ച് വലിയ റിലീസിനായി തയ്യാറെടുക്കുമ്പോഴാണ് പുതിയ കണക്കുകൾ വരുന്നത്.

ഈ മാസത്തെ ഏറ്റവും വലിയ റിലീസ് എച്ച്.ബി.ഒ മാക്‌സിന്റെ (HBO Max) ഹൗസ് ഓഫ് ഡ്രാഗൺ എന്ന സീരീസാണ്. ഗെയിം ഓഫ് ത്രോൺസ് സീരീസിന്റെ സ്പിൻ-ഓഫായെത്തുന്ന ഹൗസ് ഓഫ് ഗ്രാഗൺ, ഞായറാഴ്ച മുതൽ സ്ട്രീം ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ(Disney+Hotstar)-ലൂടെ സീരീസ് കാണാം. അതേസമയം, ആമസോൺ പ്രൈം വീഡിയോ ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവറു'മായാണ് എത്തുന്നത്. സെപ്തംബർ ഒന്ന് മുതൽ സീരീസ് പ്രദർശിപ്പിച്ച് തുടങ്ങും.

യു.എസ് പോലുള്ള വലിയ മാർകറ്റിൽ ഓൺലൈൻ സ്ട്രീമിങ് ഉയരങ്ങളിലേക്ക് പറക്കുമ്പോഴാണ് ഈ രണ്ട് ബ്രഹ്മാണ്ഡ സൃഷ്ടികളും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു.എസില്‍ ആകെ ടെലിവിഷന്‍ ഉപഭോഗത്തില്‍ 34.8 ശതമാനം ഓൺലൈൻ സ്ട്രീമിങ് ആണ്. കേബിള്‍ ഉപഭോഗം 34.4 ശതമാനവും. ഒടിടി നേരത്തെ തന്നെ മറികടന്ന ബ്രോഡ്കാസ്റ്റ് ടിവിക്ക് 21.6 ശതമാനം കാഴ്ചക്കാരാണുള്ളത്. -നീല്‍സണ്‍ ദി ഗേജിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. 

കേബിള്‍ ടിവിയെ ഒടിടിക്ക് മറികടക്കുന്നത് ഇതാദ്യമാണ്. ഒ.ടി.ടിയുടെ ഞെട്ടിക്കുന്ന വളർച്ച കേബിൾ-ബ്രോഡ്കാസ്റ്റ് ടിവി മേഖലയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. വർഷം തോറും രണ്ട് സേവനങ്ങളും ആസ്വദിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കാണാൻ കഴിയുന്നത്. ജനങ്ങളുടെ ടി.വി കാണൽ രീതി മാറുന്നതിന്റെ സൂചന കൂടിയാണ് പുതിയ കണക്കുകൾ.

ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം ഒ.ടി.ടിയിൽ ആളുകൾ ആഴ്ചയിൽ 191 ബില്യൺ മിനിറ്റുകളാണ് ചിലവഴിക്കുന്നത്. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഹുലു, യൂട്യൂബ് എന്നിവയായിരുന്നു സ്ട്രീമിങ് മേഖലയിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ താരങ്ങൾ.

ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലായില്‍ കേബിള്‍ ടി.വി. കാഴ്ചക്കാരുടെ എണ്ണം രണ്ട് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.9 ശതമാനത്തിന്റെ കുറവുമുണ്ടായി. കേബിള്‍ ടി.വിയിൽ കായികമത്സരങ്ങള്‍ കാണുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 15.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ 34 ശതമാനത്തിന്റെ ഇടിവാണ്. കായിക മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റിലും സ്ഥിതി ശോകമാണ്. ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയിൽ 41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Tags:    
News Summary - In a first, OTT streaming surpasses cable TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.