ട്വിറ്റർ വാങ്ങിയതേ.., പണമുണ്ടാക്കാനല്ല; ഇലോൺ മസ്കിന്റെ ലക്ഷ്യമിതാണ്....!

ലോക കോടീശ്വരനും ടെസ്‍ല സി.ഇ.ഒ-യുമായ ഇലോൺ മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഏപ്രിൽ നാലിനായിരുന്നു മസ്ക് തുടക്കം കുറിച്ചത്. അതോടെ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമയായി അദ്ദേഹം മാറി. ട്വിറ്റർ ഏറ്റെടുക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. എന്നാൽ, ഒരു ദിവസം മുമ്പേ മസ്ക് ഏറ്റെടുക്കൽ നടപടികളുമായി രംഗത്തുവരികയായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകളിൽ ഒന്നായ ട്വിറ്റർ താൻ ഏ​റ്റെടുത്തത് പണമുണ്ടാക്കാനല്ലെന്നാണ് മസ്ക് പറയുന്നത്.

ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള എന്റെ പ്രചോദനം വ്യക്തിപരമായി തന്നെ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തിനാണ് ഞാൻ ട്വിറ്റർ വാങ്ങിയത്, പരസ്യങ്ങളെക്കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും തെറ്റാണ്.

നാഗരികതയുടെ നല്ല ഭാവിക്കായി ഒരു പൊതു ഡിജിറ്റൽ ടൗൺ സ്ക്വയർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് കണ്ടാണ് ഞാൻ ട്വിറ്റർ സ്വന്തമാക്കിയത്. അവിടെ പരസ്പരം അക്രമിക്കാതെ, ആരോഗ്യകരമായ രീതിയിൽ വൈവിധ്യമാർന്ന വിശ്വാസങ്ങൾ ചർച്ച ചെയ്യാൻ കഴിയും. നമ്മുടെ സമൂഹത്തിൽ കൂടുതൽ വിദ്വേഷം ജനിപ്പിക്കുകയും അവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന തീവ്ര വലതുപക്ഷ, തീവ്ര ഇടതുപക്ഷ പ്രതിധ്വനികളിലേക്ക് സോഷ്യൽ മീഡിയയെ വിഭജിക്കുന്ന വലിയ അപകടമാണ് നിലവിലുള്ളത്.

പരമ്പരാഗത സമൂഹ മാധ്യമങ്ങളിൽ ഭൂരിഭാഗവും ആ ധ്രുവീകരിക്കപ്പെട്ട തീവ്രതയ്ക്ക് ഊർജം പകരുകയും അതിനെ പരിചരിക്കുകയും ചെയ്തു, കാരണം അതാണ് പണം കൊണ്ടുവരുന്നതെന്ന് അവർ വിശ്വസിക്കുന്നു, പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരം നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ ട്വിറ്റർ വാങ്ങിയത്.

എല്ലാം എളുപ്പമാകുമെന്നതിനാലോ, കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ അല്ല ഞാൻ അത് ചെയ്തത്. ഞാൻ സ്നേഹിക്കുന്ന മനുഷ്യരാശിയെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, ട്വിറ്റർ, യാതൊരു അനന്തരഫലങ്ങളുമില്ലാതെ ആർക്കും എന്തും പറയാൻ കഴിയുന്ന ഒരു നരകമാക്കാനല്ല ഉദ്ദേശിക്കുന്നത്.

രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിനു പുറമേ, ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഊഷ്മളവും എല്ലാവരേയും സ്വാഗതം ചെയ്യുന്നതുമായിരിക്കണം, അവിടെ നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് ഏത് പ്രായക്കാർക്കും ആവശ്യമുള്ള അനുഭവം തിരഞ്ഞെടുക്കാം, ഉദാഹരണത്തിന്, സിനിമകൾ കാണാനോ വീഡിയോ ഗെയിമുകൾ കളിക്കാനോ ഒക്കെ...

അതുപോലെ, പരസ്യങ്ങൾ ശരിയായ രീതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, അതിന് നിങ്ങളെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനും അറിവ് പകരാനും കഴിയുമെന്ന് ഞാൻ വളരെയധികം വിശ്വസിക്കുന്നു; നിങ്ങൾക്ക് ഒരിക്കലും അറിയാത്ത, എന്നാൽ അനുയോജ്യമായ ഒരു സേവനമോ ഉൽപ്പന്നമോ അല്ലെങ്കിൽ വൈദ്യചികിത്സയെയോ കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കാനും കഴിയും.

ഇത് ശരിയാകണമെങ്കിൽ, ട്വിറ്റർ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കഴിയുന്നത്ര പ്രസക്തമായ പരസ്യം കാണിക്കേണ്ടത് അത്യാവശ്യമാണ്. പ്രസക്തിയില്ലാത്ത പരസ്യങ്ങൾ സ്പാം ആണ്, എന്നാൽ വളരെ പ്രസക്തമായ പരസ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളടക്കമാണ്!

അടിസ്ഥാനപരമായി, നിങ്ങളുടെ ബ്രാൻഡിനെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ എന്റർപ്രൈസ് വളർത്തുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും ആദരണീയമായ പരസ്യ പ്ലാറ്റ്‌ഫോമാകാൻ ട്വിറ്റർ ആഗ്രഹിക്കുന്നു. ഞങ്ങളുമായി സഹകരിച്ച എല്ലാവർക്കും, ഞാൻ നന്ദി പറയുന്നു. നമുക്ക് ഒരുമിച്ച് അസാധാരണമായ എന്തെങ്കിലും നിർമ്മിക്കാം. - മസ്ക ട്വിറ്ററിൽ കുറിച്ചു..

Tags:    
News Summary - I didn't buy Twitter to make money says Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.