ആപ്പിളിൽ നിന്ന് മോഷ്ടിച്ചത് 138 കോടി; ഇന്ത്യൻ വംശജനായ മുൻ ജീവനക്കാരന് ഭീമൻ തുക പിഴ ചുമത്തി

അമേരിക്കൻ ടെക് ഭീമനായ ആപ്പിളിൽ നിന്ന് 138 കോടി രൂപയോളം (17 മില്യൺ ഡോളർ) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജനായ മുൻ ജീവനക്കാരന് മൂന്ന് വർഷം തടവുശിക്ഷയും 157 കോടി രൂപ പിഴയും വിധിച്ച് യു.എസ് അറ്റോർണി. 56-കാരനായ ധിരേന്ദ്ര പ്രസാദ് ആപ്പിളിനും ഐ.ആർ.എസിനും 19 മില്യൺ ഡോളർ (157 കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്ന്, യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

2008 നും 2018 നും ഇടയിൽ ആപ്പിളിൽ ജോലി ചെയ്തിരുന്ന ഇയാൾ കമ്പനിക്കായി ഉപകരണങ്ങൾ വാങ്ങുന്ന വിഭാഗത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ക്രിമിനൽ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ കമ്പനിയിലെ തന്റെ സ്ഥാനവും തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള ആപ്പിളിന്റെ സാങ്കേതികതകളെക്കുറിച്ചുള്ള തന്റെ ആന്തരിക അറിവുകളും ധീരേന്ദ പ്രസാദ് ചൂഷണം ചെയ്യുകയായിരുന്നു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കൈ​ക്കൂലി വാങ്ങിയതും വ്യാജ ബില്ലുകൾ ചമച്ചതും ഉൽപന്നങ്ങളുടെ പാർട്സുകൾ മോഷ്ടിച്ചതുമൊക്കെ അന്വേഷണ സംഘം കണ്ടെത്തി. 2011 മുതലാണ് ആപ്പിളിൽ നിന്ന് ഇയാൾ തട്ടിപ്പിലൂടെ പണം സമ്പാദിക്കാൻ തുടങ്ങിയത്. ഡെലിവറി ചെയ്യപ്പെടാത്ത സാധനങ്ങൾക്ക് കമ്പനിയിൽ നിന്ന് പ്രസാദ് പണം കൈപ്പറ്റിയിരുന്നു. ഇൻവോയ്‌സുകൾ പെരുപ്പിച്ച് കാട്ടിയും ധാരാളം പണം അടിച്ചുമാറ്റി.

ആപ്പിളിൽ നിന്ന് കവർന്ന പണത്തിന്റെ നികുതിയും ഇയാൾ അടച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തടവ് ശിക്ഷക്കും പിഴയ്ക്കും പുറമേ, പണം കൈവശമുണ്ടായിരുന്ന കാലയളവിലെ നികുതിയും ധീരേന്ദ്ര പ്രസാദ് അടക്കണമെന്ന് വിധിയിൽ പറയുന്നുണ്ട്. 

Tags:    
News Summary - Former Indian-origin Apple employee sentenced for defrauding and tax crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.