പ്രതീകാത്മക ചിത്രം
ക്യുപെർട്ടിനോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. 2027ഓടെ ഇൻ-ബിൽറ്റ് കാമറകളുള്ള എയർപോഡ്സും, മടക്കാവുന്ന രണ്ടാമത്തെ ജനറേഷൻ ഐഫോണും പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ 'സിരി'ക്ക് ഉപയോക്താവിന്റെ ചുറ്റുപാടുകൾ കണ്ട് മനസ്സിലാക്കാനുള്ള ശേഷി നൽകുക എന്നതാണ് ഈ പുതിയ എയർപോഡ്സിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
എയർപോഡ്സിന്റെ സ്റ്റെമ്മുകളിൽ ഘടിപ്പിക്കുന്ന കാമറകൾ സാധാരണ ഫോൺ കാമറകളെപ്പോലെ ചിത്രങ്ങളോ വിഡിയോകളോ പകർത്താനല്ല ഉപയോഗിക്കുന്നത്. പകരം, ഉപയോക്താവ് നോക്കുന്ന കാര്യങ്ങൾ തത്സമയം മനസ്സിലാക്കി സിരിക്ക് ആവശ്യമായ വിവരങ്ങൾ നൽകാനാണ്. ഇതുവഴി വഴിനടക്കുമ്പോൾ കൂടുതൽ കൃത്യമായ നാവിഗേഷൻ നൽകാനും, മുന്നിലുള്ള വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനും സിരിക്ക് സാധിക്കും. നിലവിലെ എയർപോഡ്സ് പ്രോ സീരീസിന് സമാനമായ രൂപത്തിലായിരിക്കും ഇവയും പുറത്തിറങ്ങുക.സ്വകാര്യതാ സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിനായി, കാമറകൾ വിവരങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ എയർപോഡ്സിൽ ഒരു ഇൻഡിക്കേറ്റർ ലൈറ്റ് തെളിയുന്ന സംവിധാനവും ഇതിലുണ്ടാകും.
നേരത്തെ 2026ൽ ഈ സാങ്കേതികവിദ്യ പുറത്തിറക്കാനായിരുന്നു ആപ്പിൾ ശ്രമിച്ചിരുന്നത്. എന്നാൽ, ചുറ്റുപാടുകൾ കൃത്യമായി തിരിച്ചറിയാനുള്ള എ.ഐ മോഡലുകൾ വികസിപ്പിച്ചെടുക്കുന്നതിലുണ്ടായ സാങ്കേതിക വെല്ലുവിളികളാണ് വിപണിയിലെത്തിക്കാനുള്ള സമയപരിധി 2027 ലേക്ക് നീട്ടാൻ കാരണമായത്. നിലവിൽ ഐ.ഒ.എസ് 28 സോഫ്റ്റ്‌വെയറിലാണ് ഇതിന്റെ പരീക്ഷണങ്ങൾ നടക്കുന്നത്.
എയർപോഡ്സിന് പുറമെ, ആപ്പിളിന്റെ രണ്ടാമത്തെ ജനറേഷൻ ഫോൾഡബിൾ ഐഫോണും 2027ൽ വിപണിയിലെത്തുമെന്നാണ് സൂചന. ഐഫോണിന്റെ ഇരുപതാം വാർഷികം പ്രമാണിച്ച് ഒരു പ്രത്യേക 'ആനിവേഴ്സറി പതിപ്പും' ആപ്പിൾ അണിയറയിൽ ഒരുക്കുന്നുണ്ട്. ഫോണിന്റെ വശങ്ങളിലേക്ക് വളഞ്ഞുനിൽക്കുന്ന ഗ്ലാസോടു കൂടിയ, ബെസലുകൾ ഇല്ലാത്ത ഡിസൈനായിരിക്കും ഈ പ്രത്യേക പതിപ്പിനുണ്ടാകുക.
ധരിക്കാൻ സാധിക്കുന്ന സ്മാർട്ട് ഗ്ലാസുകളും ആപ്പിളിന്റെ പരിഗണനയിലുണ്ട്. ഭാവിയിൽ ഈ സ്മാർട്ട് ഗ്ലാസുകളും കാമറ ഘടിപ്പിച്ച എയർപോഡ്സുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന വലിയൊരു എ.ഐ ഇക്കോസിസ്റ്റം രൂപപ്പെടുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.