ആപ്പിൾ ഉപയോക്താക്കൾ ഭാവിയിൽ എഐ സേവനങ്ങൾക്കായി പ്രത്യേകം പണം നൽകേണ്ടി വന്നേക്കുമെന്ന് സൂചന. സ്മാർട്ട്‌ഫോൺ രംഗത്ത് മറ്റ് കമ്പനികളാരും ചെയ്യാത്ത തരത്തിലുള്ള പുതിയ നീക്കത്തിന് ആപ്പിൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വർഷങ്ങളായി എഐ ഫീച്ചറുകളുള്ള സിരിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്.
പുതിയ എഐ സേവനങ്ങൾ നൽകുന്നതിലൂടെ ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവാണ് കമ്പനിക്ക് വരുന്നത്. ഇത് പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലാണ് ആപ്പിൾ എന്ന് കമ്പനി സിഇഒ ടിം കുക്ക് വ്യക്തമാക്കി. കൂടുതൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഞങ്ങൾ ഐക്ലൗഡ്+ വഴി ചില അപ്‌ഗ്രേഡ് ഓപ്ഷനുകൾ നൽകുമെന്ന് ടിം കുക്ക് പറഞ്ഞു.
ഐഫോൺ 16 പുറത്തിറങ്ങിയ സമയത്ത് എഐ ഫീച്ചറുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വലിയ അപ്‌ഡേറ്റുകൾ ഒന്നും ഇതുവരെ ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവുകൾ നികത്താനായി പുതിയ ഐക്ലൗഡ് സബ്‌സ്‌ക്രിപ്ഷനിലൂടെ പണം ഈടാക്കാൻ ആപ്പിൾ പദ്ധതിയിടുന്നത്.
2026 സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളോടൊപ്പം വരുന്ന ഐഒഎസ് 27 അപ്‌ഡേറ്റിലൂടെ പുതിയ എഐ സിരി ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പബ്ലിക് ബീറ്റ പതിപ്പ് ഈ മാസം ആപ്പിൾ പുറത്തിറക്കിയിരുന്നു. മാക് ഒഎസ് ഉപയോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സബ്‌സ്‌ക്രിപ്ഷൻ തുക വർദ്ധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും നിലവിൽ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനായി ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഐക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ പുതിയ മാറ്റം ആപ്പിളിന്റെ വരുമാനം കൂടുതൽ വർദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.