ഒരു സാധാരണ ചൈനീസ് ബാർബിക്യു റെസ്റ്റോറന്റ് ഉടമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇദ്ദേഹത്തിന്‍റെ കുക്കിങ് വൈഭവം കൊണ്ടല്ല, മറിച്ച് ലുക്ക് കണ്ടാണ് ആളുകൾക്ക് ഈ കൗതുകം. സാക്ഷാൽ ഇലോൺ മസ്കിന്‍റെ രൂപസാദൃശ്യമാണ് ഈ റെസ്റ്റോറന്‍റ് ഉടമയെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമാക്കുന്നത്. ഈ രൂപസാദൃശ്യം സോഷ്യൽ മീഡിയയിൽ നിരവധി മീമുകൾക്കും തമാശകൾക്കും വഴിവെച്ചതോടെ ഈ ലുക്കിലുള്ള കടയുടമയെ നേരിൽ കാണാൻ വൻതോതിൽ സന്ദർശകരാണ് കടയിലേക്ക് എത്തുന്നത്.
ചൈനയിലെ ടിക്ക്ടോക്ക് പതിപ്പായ ഡൗയിൻ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ജൂലൈ 26-നാണ് ഈ കൗതുകകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഷാൻസി പ്രവിശ്യയിലെ തൊങ്ചുവാൻ ജില്ലയിൽ ബാർബിക്യു കട നടത്തുന്ന 48 കാരനായ മാ ജിയാൻപിങ് തന്റെ കടയിൽ ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ തരംഗമായത്. ഈ ചെറിയ വീഡിയോ ഇതിനകം 13 ലക്ഷത്തിലധികം ലൈക്കുകൾ നേടി കഴിഞ്ഞു. ഇതോടെ ഏറെ നിശബ്ദമായി പ്രവർത്തിച്ചിരുന്ന ഈ ചെറിയ റെസ്റ്റോറന്റ് ഒറ്റരാത്രികൊണ്ട് ഒരു ഓൺലൈൻ വിനോദകേന്ദ്രമായി മാറി.
ഹോങ്ക്‌സിങ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിന് വളരെ മുൻപ് തന്നെ പ്രദേശവാസികൾ മാ ജിയാൻപിങ്ങിനെ ഇലോൺ മസ്കുമായി ഉപമിച്ചിരുന്നു. ഇതുകൂടാതെ അദ്ദേഹത്തിന്റെ കുടുംബപ്പേരായ മാ എന്നത് ചൈനീസ് ഉച്ചാരണത്തിൽ മസ്കിന്റെ പേരിന്റെ ആദ്യ ഭാഗത്തോട് സാദൃശ്യമുള്ളതാണെന്ന യാദൃശ്ചികതയും ജനങ്ങളിൽ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. എന്തായാലും ഇലോൺ മസ്കിന്‍റെ അപരൻ സമൂഹമാധ്യമങ്ങളിൽ താരമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.