ആകാശ പ്രതിരോധത്തിൽ ഇന്ത്യയുടെ പുതിയ നാഴികക്കല്ല്; 'കുശ' മിസൈൽ പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) വ്യാഴാഴ്ച ഒഡീഷ തീരത്തുള്ള എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര സർഫേസ്-ടു-എയർ മിസൈൽ (LR-SAM) 'കുശ'യുടെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തി. ഇന്ത്യയുടെ തദ്ദേശീയ ദീർഘദൂര വ്യോമപ്രതിരോധ കവചം വികസിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്.

ഡി.ആർ.ഡി.ഒ നൽകുന്ന വിവരമനുസരിച്ച്, യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ആളില്ലാ വ്യോമവാഹനങ്ങൾ (UAV), വലിയ ശത്രുവിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വ്യോമഭീഷണികളെ ദീർഘദൂരത്തിലും ഉയർന്ന ഉയരത്തിലും തകർക്കാൻ കഴിയുന്ന തരത്തിലാണ് കുശ മിസൈൽ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ തദ്ദേശീയ ദീർഘദൂര വ്യോമപ്രതിരോധ പദ്ധതിയായ 'പ്രോജക്ട് കുശ' യുടെ വികസനത്തിൽ നിർണായക മുന്നേറ്റമാണ്. റഷ്യയുടെ S-400 ട്രയംഫ്, അമേരിക്കയുടെ MIM-104 പാട്രിയറ്റ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സമാനമായ ശേഷി കൈവരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയുടെ ഭാവിയിലെ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമായാണ് ഡിആർഡിഒ പ്രോജക്ട് കുശയെ വികസിപ്പിക്കുന്നത്. ഏകദേശം 150 കിലോമീറ്റർ, 250 കിലോമീറ്റർ,350 മുതൽ 400 കിലോമീറ്റർ എന്നിങ്ങനെ ദൂരപരിധിയുളള മൂന്ന് ഘട്ടങ്ങളുള്ള പ്രതിരോധ ശൃംഖലയായിരിക്കും ഇത്. പ്രവർത്തനസജ്ജമായാൽ, യുദ്ധവിമാനങ്ങൾ, സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, കൃത്യതയുള്ള ആക്രമണായുധങ്ങൾ, ചില വിഭാഗം ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ഈ മിസൈൽ കവചത്തിന് കഴിയും.

ഇന്റർസെപ്റ്റർ മിസൈലുകൾ മാക് 5.5 വേഗതയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യാധുനിക റഡാറുകൾ, ഫയർ കൺട്രോൾ സംവിധാനങ്ങൾ, നെറ്റ്‌വർക്ക് അധിഷ്ഠിത കമാൻഡ് സംവിധാനം എന്നിവയുടെ പിന്തുണയോടെയായിരിക്കും ഇത് പ്രവർത്തിക്കുക. 2023 സെപ്റ്റംബറിൽ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (DAC) ഇന്ത്യൻ വ്യോമസേനക്കായി പ്രോജക്ട് കുശയുടെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനുള്ള ' അക്വിസിഷൻ  കൗൺസിൽ ' അംഗീകരിച്ചിരുന്നു.

തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഒന്നിലധികം വ്യോമഭീഷണികളെ തൽസമയം കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും. വിദേശ വ്യോമപ്രതിരോധ സംവിധാനങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വവും ഇതിലൂടെ കുറയും.

2035 ഓടെ രാജ്യവ്യാപകമായ മൾട്ടി-ലെയേർഡ് വ്യോമ-മിസൈൽ പ്രതിരോധ കവചം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ 'മിഷൻ സുദർശൻ ചക്ര' പദ്ധതിയുടെയും പ്രധാന ഘടകമാണ് പ്രോജക്ട് കുശ. ദീർഘദൂര ഇന്റർസെപ്റ്റർ മിസൈലുകൾ, ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈലുകൾ, ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഡയറക്ടഡ് എനർജി ആയുധങ്ങൾ, തദ്ദേശീയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചായിരിക്കും ഈ ദേശീയ പ്രതിരോധ കവചം വികസിപ്പിക്കുക.

Tags:    
News Summary - New Milestone in India's Air Defense; 'Kusha' Missile Test Successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.