ഫോണിൽ ഇനി പ്രൊഫഷണൽ എഡിറ്റിങ്; അഡോബ് പ്രീമിയർ ഇനി ആൻഡ്രോയ്ഡിലും
ആൻഡ്രോയ്ഡ് ഉപയോക്താക്കൾ കാത്തിരുന്ന അഡോബ് പ്രീമിയർ മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറക്കി. 2025 സെപ്റ്റംബറിൽ ഐഫോണുകളിൽ ലഭ്യമാക്കിയതിന് ശേഷം ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ വീഡിയോ എഡിറ്റിങ് ടൂൾ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ മൊബൈൽ എഡിറ്റിങ് ടൂളുകളിൽ കാണാറുള്ള പരിമിതികൾ മറികടന്നാണ് പൂർണമായും സൗജന്യവും, പ്രൊഫഷണലുമായ എഡിറ്റിങ് അനുഭവം അഡോബ് ഈ ആപ്പിലൂടെ വാഗ്ദാനം ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് മൊബൈൽ ഫോൺ പ്രയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള വീഡിയോകൾ എഡിറ്റ് ചെയ്യാനും വാട്ടർമാർക്കോ ഇൻ-ആപ്പ് പരസ്യങ്ങളോ ഇല്ലാതെ അൺലിമിറ്റഡ് ആയി 4K ക്വാളിറ്റിയിൽ എക്സ്പോർട്ട് ചെയ്യാനും സാധിക്കും. ആദ്യ ഉപയോഗത്തിൽ പ്രൊജക്റ്റുകൾ എഡിറ്റ് ചെയ്യാനോ ഫോണിൽ തന്നെ സേവ് ചെയ്യാനോ യാതൊരുവിധ അക്കൗണ്ട് ലോഗിനും ആവശ്യമില്ലെന്നത് ഈ ആപ്പിന്റെ വലിയൊരു പ്രത്യേകതയാണ്.
കമ്പ്യൂട്ടറുകളിൽ ലഭ്യമാകുന്ന പ്രീമിയർ സോഫ്റ്റ്‌വെയറുകൾക്ക് സമാനമായി വീഡിയോ, ഓഡിയോ, ടെക്സ്റ്റുകൾ, ഇഫക്റ്റുകൾ എന്നിവ വ്യത്യസ്ത ലെയറുകളായി എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന മൾട്ടി-ട്രാക്ക് ടൈംലൈൻ സംവിധാനം മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. പശ്ചാത്തല ശബ്ദങ്ങൾ ഒറ്റ ടാപ്പിലൂടെ ഒഴിവാക്കി സംസാരിക്കുന്ന ശബ്ദങ്ങൾ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന ‘എൻഹാൻസ് ഓഡിയോ’, തനിയെ സബ്‌ടൈറ്റിലുകൾ നിർമ്മിക്കുന്ന ‘ഓട്ടോമാറ്റിക് ക്യാപ്ഷൻസ്’ തുടങ്ങിയ അത്യാധുനിക എഐ ടൂളുകളും ഇതിലുണ്ട്.
പുതിയ അഡോബ് പ്രീമിയർ ആപ്പ് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകില്ലെന്ന് അഡോബ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷൻ സുഗമമായി പ്രവർത്തിക്കാൻ സ്മാർട്ട്‌ഫോണുകളിൽ ആൻഡ്രോയിഡ് 13ഓ അതിന് മുകളിലോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റവും കുറഞ്ഞത് 5ജി.ബി ‘റാം’ ശേഷിയും ഉണ്ടായിരിക്കണം. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 50,000 ത്തിലധികം ഡൗൺലോഡുകൾ ആപ്പ് പിന്നിട്ടുകഴിഞ്ഞു. വരും ദിവസങ്ങളിൽ അഡോബ് ഫോണ്ടുകൾ, കൂടുതൽ കൃത്യതയാർന്ന ക്യാപ്ഷനുകൾ, ബീറ്റ് ഡിറ്റക്ഷൻ തുടങ്ങിയ വിപുലമായ ഫീച്ചറുകൾ കൂടി മൊബൈൽ പതിപ്പിലേക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.