‘ഫേസ്ബുക്ക് ഫോണിലെ ബാറ്ററി മനഃപ്പൂർവ്വം ഊറ്റുന്നു’; പരാതി നൽകി മുൻ ജീവനക്കാരൻ


നിങ്ങളുടെ ഫോണിലെ ബാറ്ററി യൂസേജ് സ്റ്റാറ്റസ് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ...? ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവരാണെങ്കിൽ ഏറ്റവും കൂടുതൽ ബാറ്ററി തീർത്തിട്ടുണ്ടാവുക ഈ രണ്ട് ആപ്പുകൾ തന്നെയാകും. എന്നാൽ, ഫോൺ ഉപയോഗിക്കാതിരുന്നാലും ഫേസ്ബുക്ക് മനഃപ്പൂർവ്വം ബാറ്ററി തീർത്തുകളയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..??

എന്നാൽ, വിശ്വസിച്ചോളൂ.. പറയുന്നത് ഫേസ്ബുക്കിലെ തന്നെ മുൻ ജീവനക്കാരനായ ജോർജ് ഹേവാർഡാണ്. അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഭീമനെതിരെ ജോർജ് പരാതി നൽകിക്കഴിഞ്ഞു. അതിൽ ഗുരുതര ആരോപണമാണ് ജോർജ് ഉന്നയിക്കുന്നത്. ഡാറ്റാ സെയിന്റിസ്റ്റായ ജോർജ് ഫേസ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവമാണ് പങ്കുവെച്ചത്. ന്യൂയോർക് പോസ്റ്റാണ് ജോർജിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്.

ഫേസ്‌ബുക്കും മെസഞ്ചറും തങ്ങളുടെ ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളിലെ ബാറ്ററി ബോധപൂർവ്വം ഊറ്റുന്നതായി ജോർജ് പറയുന്നു. "നെഗറ്റീവ് ടെസ്റ്റിങ്" എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് അത് ചെയ്യുന്നത്രേ.

ആപ്പിനുള്ളിലെ ഫീച്ചറുകൾ പരിശോധിക്കുന്നതിനും പ്രശ്നങ്ങൾ പഠിക്കാനും ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവർത്തിപ്പിക്കാൻ ഫേസ്ബുക്കിനെ "നെഗറ്റീവ് ടെസ്റ്റിങ്" എന്ന് വിളിക്കപ്പെടുന്ന പ്രക്രിയ, സഹായിക്കുന്നു. അപ്ലിക്കേഷൻ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു, ചിത്രങ്ങൾ എത്ര വേഗത്തിൽ ലോഡാകുന്നു തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ പരിശോധിക്കപ്പെടുന്നത്.

ഫേസ്ബുക്കിൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ ജോർജ് അതിനെതിരെ രംഗത്തുവന്നിരുന്നു. സ്മാർട്ട്ഫോൺ ഉടമകൾ അറിയാതെ ഇത്തരം പ്രവർത്തി ചെയ്യുന്നത് തെറ്റാണെന്നും അത് ചിലരെ ബുദ്ധിമുട്ടിക്കുമെന്നും താൻ പറഞ്ഞപ്പോൾ ചിലരെ ബുദ്ധിമുട്ടിക്കുന്നതിലൂടെ ഒരുപാട് പേർക്ക് ഉപകാരം ചെയ്യാൻ കഴിയുമെന്ന് മാനേജർ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33 കാരനായ ജോർജിനെ നെഗറ്റീവ് ടെസ്റ്റിങ്ങിൽ പങ്കെടുക്കാത്തതിന്റെ പേരിലായിരുന്നു പിരിച്ചുവിട്ടത്.

എന്നാൽ ദിവസങ്ങൾക്കകം ഫേസ്ബുക്കിന്റെ നിയമ വിരുദ്ധ പ്രവർത്തനത്തിനെതിരെ മാൻഹട്ടൻ കോടതിയിൽ ജോർജ് പരാതി നൽകുകയും ചെയ്തു. 

Tags:    
News Summary - Facebook drains users' cellphone batteries intentionally -ex-employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.