'സ്വന്തമായി വീടില്ല; കിടന്നുറങ്ങുന്നത് സുഹൃത്തുക്കളുടെ മുറിയിൽ'; പറയുന്നത് ശതകോടീശ്വരൻ ഇലോൺ മസ്ക്

ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോൺ മസ്ക്. ഭൂമിയിലും ബഹിരാകാശത്തും ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ശതകോടീശ്വരൻ. ടെസ്‌ല എന്ന ഇലക്ട്രിക് കാർ കമ്പനിയുടെയും റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിന്‍റെയും ഉടമ.

ഫോർബ്സിന്‍റെ റിപ്പോർട്ട് പ്രകാരം 269.5 ബില്യൺ ഡോളറാണ് മസ്കിന്‍റെ ആസ്തി. ശതകോടീശ്വരനാണെങ്കിലും കയറി കിടക്കാൻ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത 'വേദനിക്കുന്ന പണക്കാരനാണ്' അദ്ദേഹം. അമേരിക്കൻ മാധ്യമ സ്ഥാപനമായ ടി.ഇ.ഡിയിലെ (ടെക്നോളജി, എന്‍റർടെയ്ൻമെന്‍റ് ആൻഡ് ഡിസൈൻ) ക്രിസ് ആൻഡേഴ്സനുമായി നടത്തിയ അഭിമുഖത്തിലാണ് മസ്കിന്‍റെ വെളിപ്പെടുത്തൽ.

സ്വന്തമായി ഒരു വീടുപോലുമില്ലെന്നും സുഹൃത്തിന്‍റെ മുറികളിലാണ് കിടന്നുറങ്ങുന്നതെന്നുമാണ് മസ്ക് പറയുന്നത്. ടെസ്‌ലയുടെ എൻജിനീയറിങ് സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്ന ബേ ഏരിയയിലേക്ക് പോകുമ്പോഴെല്ലാം സുഹൃത്തുക്കളുടെ കൂടെ മാറി താമസിക്കുകയാണെന്ന് ടെസ്‌ല സി.ഇ.ഒ കൂടിയായ മസ്ക് പറയുന്നു.

എനിക്ക് സ്വന്തമായി ഒരു ആഡംബര നൗകയില്ല, അവധിയെടുക്കാറില്ല -മസ്ക് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള സമ്പത്തിന്റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തെക്കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിഗത ആവശ്യത്തിന് ഞാൻ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ പ്രശ്നമാണ്. എന്റെ സ്വകാര്യ ചെലവുകൾ കുറവാണ്. വിമാനമാണ് അതിന് ഒരു അപവാദം. ഞാൻ വിമാനം ഉപയോഗിച്ചില്ലെങ്കിൽ എനിക്ക് ജോലി ചെയ്യാൻ ലഭിക്കുന്ന സമയം കുറയും -മസ്ക് പറയുന്നു. അഭിമുഖത്തിന്‍റെ വിഡിയോ ടി.ഇ.ഡിന്‍റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിന് വില പറഞ്ഞതതോടെ മസ്ക് അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ട്വിറ്ററിൽ 9.1 ശതമാനം ഓഹരിയാണ് മസ്കിനുള്ളത്. കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമയാണ്. 43 ബില്യൺ ഡോളാണ് ട്വിറ്ററിന് മസ്ക് നൽകിയ മോഹവില.

Full View


Tags:    
News Summary - Elon Musk Says He Doesn't Own A Home, Sleeps In Friends' Spare Bedrooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.