നിരോധനത്തിന്​ ശേഷവും ഇന്ത്യൻ വിപണിയിൽ ആധിപത്യം തുടർന്ന്​​ ചൈനീസ്​ ആപ്പുകൾ

ടിക്‌ടോക്, യുസി ബ്രൗസർ, പബ്ജി, ഹെലോ, അലി എക്‌സ്പ്രസ്, വി ചാറ്റ് തുടങ്ങിയ പ്രമുഖ ആപ്പുകളടക്കം 267 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത് കഴിഞ്ഞ വർഷം ജൂലൈ മാസത്തിലായിരുന്നു. ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈന നടത്തിയ കൈയേറ്റശ്രമങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമുള്ള മറുപടിയെന്നോണമായിരുന്നു ഇന്ത്യയുടെ നടപടി. രാജ്യത്തെ ഐടി നിയമങ്ങൾ ലംഘിച്ചെന്ന്​ കാട്ടിയായിരുന്നു ഇന്ത്യയിൽ വൻ ജനപ്രീതി നേടിക്കൊണ്ട്​ മുന്നേറിയിരുന്ന ആപ്പുകൾ വിലക്കിയത്​.

എന്നാൽ, നിരോധനത്തിന്​ ശേഷവും ഇന്ത്യയിൽ തരംഗം തീർക്കുന്ന ചൈനീസ്​ ആപ്പുകൾ ഇപ്പോഴുമുണ്ട്​. ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്​ പ്രകാരം നിലവിൽ രാജ്യത്ത്​ വലിയ പ്രചാരം നേടുന്ന 60 മുൻനിര ആപ്ലിക്കേഷനുകളിൽ എട്ടെണ്ണവും ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ളതാണ്​. പ്രതിമാസം 211 മില്യൻ ഉപയോക്താക്കളുള്ളതാണ്​ ഇൗ ആപ്പുകളെല്ലാം. 2020ൽ ഇന്ത്യ നിരോധനം പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 96 മില്യൻ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന ആപ്പുകളാണ് കഴിഞ്ഞ 13 മാസം കൊണ്ട് പുതുതായി 115 മില്യൻ ഉപയോക്താക്കളെ സ്വന്തമാക്കിയത്​.

അതേസമയം, പല ആപ്പുകളും ചൈനീസ്​ വേരുകൾ മറച്ചുവെച്ചാണ്​ ഇന്ത്യയിൽ പ്രവർത്തനം തുടരുന്നത്​. നേരത്തെ നിരോധനം നേരിട്ട പ്രമുഖ കമ്പനികൾ തന്നെയാണ് ഇവയിൽ പല ആപ്പുകളുടെയും പിന്നിലുള്ളതെന്നും സൂചനയുണ്ട്​. ആലിബാബ, ബൈറ്റ്ഡാൻസ്, ഷവോമി, വൈവൈ ഇൻക് തുടങ്ങിയ കമ്പനികൾ അതിൽ പെടുന്നു. 

സ്​മാർട്ട്​ ഫോണുകളിലും കംപ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിഡിയോ പ്ലേയറായ 'പ്ലേഇറ്റ്' രാജ്യത്ത് ഏറ്റവും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ചൈനീസ് ആപ്പായ പ്ലേഇറ്റിന്​ കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ഇന്ത്യയില്‍ 2.8 കോടി ഉപയോക്താക്കളുണ്ടായിരുന്നത്. അത്​ നിലവില്‍ 6.7 കോടിയായി കുത്തനെ കൂടിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഫയലുകൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്ന 'ഷെയർമീ' ആപ്പാണ് വലിയ യൂസർ ബേസുള്ള മറ്റൊരു ചൈനീസ് ആപ്പ്. 2020ൽ 3.6 ആയിരുന്ന യൂസർമാർ നിലവിൽ 4.7ഉം കോടി ആയി ഉയർന്നു.

AFP

ഷോർട്ട് വിഡിയോ ആപ്പുകളായ സില്ലി, ടികി, വിഡിയോ എഡിറ്റിങ് ആപ്ലിക്കേഷനുകളായ നോയ്‌സ്, മാസ്റ്റ്, മ്യൂസിക് ആപ്ലിക്കേഷനായ റെസ്സോ എന്നിവയാണ് ഇപ്പോൾ രാജ്യത്ത് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന മറ്റ് ചൈനീസ് ആപ്പുകൾ. സില്ലിക്ക് മൂന്ന്(2020ൽ 2.4 കോടി), ടികിക്ക് 2.1(പൂജ്യം), റെസ്സോയ്ക്ക് 1.8(അഞ്ച്), നോയ്‌സിന് 1.4(മൂന്ന്), മാസ്റ്റിന് 1.3(പൂജ്യം) കോടി ഉപയോക്താക്കളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 

Tags:    
News Summary - Chinese Apps Making Profit In India Despite Facing Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.