സ്റ്റാർലിങ്കിന് ഉപാധികളോടെ അനുമതി നൽകാൻ കേന്ദ്രം; ഇന്ത്യയിൽ നിയന്ത്രണ കേന്ദ്രവും നിരീക്ഷണ സംവിധാനവും വേണം

ന്യൂഡൽഹി: ഉപഗ്രഹ അധിഷ്ഠിത അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് സേവന ദാതാവായ സ്റ്റാർലിങ്കിന് ഉപാധികളോടെ അനുമതി നൽകാൻ കേന്ദ്രസർക്കാർ. അത്യാവശ്യ ഘട്ടങ്ങളിൽ ഇന്റർനെറ്റ് വിനിമയബന്ധങ്ങൾ വിച്ഛേദിക്കാൻ സൗകര്യമൊരുക്കണം, ഇന്ത്യയിൽ നിയന്ത്രണ കേന്ദ്രം (കൺട്രോൾ സെന്റർ) വേണം, സുരക്ഷ കാരണങ്ങൾ മുൻനിർത്തി ആവശ്യമെങ്കിൽ നിരീക്ഷണ സംവിധാനം ഉണ്ടാവണം തുടങ്ങിയ നിബന്ധനകൾ സർക്കാർ സ്റ്റാർലിങ്കിന് മുന്നിൽ വെച്ചതായാണ് വിവരം.

ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സ് ആണ് സ്റ്റാർലിങ്ക് വികസിപ്പിച്ചത്. സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നൽകാൻ കേന്ദ്രസർക്കാർ അനാവശ്യമായ തിടുക്കം കാണിക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് സ്പെക്ട്രം അനുവദിക്കുന്നതടക്കം നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയിൽ പ്രവർത്തനത്തിന് തത്ത്വത്തിൽ അനുമതിയായതോടെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോയും എയർടെലും സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ടിരുന്നു.

സ്റ്റാർലിങ്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിർപ്പറിയിച്ച് രംഗത്തെത്തിയ എയർടെലും ജിയോയും പൊടുന്നനെ നിലപാട് മാറ്റിയതിന് പിന്നിൽ കേന്ദ്ര സർക്കാർ സമ്മർദമാണെന്നാണ് കോൺഗ്രസ് ആരോപണം. ഏതുവിധേനയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അനുനയിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നീക്കത്തിന്റെ ഭാഗമായി ടെലികോം കമ്പനികൾക്കുമേൽ സമ്മർദം ചെലുത്തിയാണ് കരാറിലെത്തിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചിരുന്നു. സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ, വിവാദമായതോടെ ഇത് പിൻവലിക്കുകയായിരുന്നു.

എന്താണ് സ്റ്റാര്‍ലിങ്ക്

ഉപഗ്രഹ അധിഷ്ഠിത അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് സേവന ദാതാവാണ് സ്റ്റാര്‍ലിങ്ക്. ചെറിയ ഉപഗ്രഹങ്ങൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ, ഉപയോക്തൃ ടെർമിനലുകൾ എന്നിവയിലൂടെയാണ് സ്റ്റാർലിങ്ക് പ്രവർത്തിക്കുക. ഇതിനായി മൊബൈൽ ടവർ വേണ്ട. പകരം, ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങൾ വഴിയാണ് ഇന്‍റർനെറ്റ് സേവനം നൽകുന്നത്.

അതിനാൽ ഈ സേവനത്തിന് ചെലവ് കൂടും; വിലയും. നിലവിലുള്ള ബ്രോഡ്‌ബാൻഡ് നിരക്കുകളേക്കാൾ ഏഴ് മുതൽ 18 മടങ്ങ് വരെയാണ് സ്റ്റാർലിങ്കിന്‍റെ പ്ലാനുകൾ. സ്റ്റാർലിങ്കിന് 220mbps വരെ വേഗതയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. വേഗത ഫൈബർ ബ്രോഡ്‌ബാൻഡിനേക്കാൾ നന്നേ കുറവാണ്. പക്ഷേ, പരമ്പരാഗത ഉപഗ്രഹ ഇന്‍റർനെറ്റിനേക്കാൾ മികച്ചതുമാണ്.

Tags:    
News Summary - Centre sets tough conditions for India entry by Starlink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.