നിങ്ങളുടെ വാഹനങ്ങൾ ഇനി വെറും യാത്രാസാമഗ്രികളല്ല, പകരം ബുദ്ധിയുള്ള ഡിജിറ്റൽ സഹായികളായി മാറുകയാണ്. ഗൂഗ്ളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റായ 'ജെമിനി' കാറുകളിലേക്ക് അവതരിപ്പിക്കുന്നതോടെ ഡ്രൈവിങ് അനുഭവം ഇനി തികച്ചും വ്യത്യസ്തമാകും. നിലവിലുള്ള ഗൂഗ്ൾ അസിസ്റ്റന്റിന് പകരമായി എത്തുന്ന ജെമിനി, കൂടുതൽ സ്വാഭാവികമായ സംഭാഷണങ്ങൾ സാധ്യമാക്കുകയും വാഹനത്തിലെ വിവിധ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. ഗൂഗ്ൾ സോഫ്റ്റ്‌വെയറുകൾ ഇൻബിൽറ്റായിട്ടുള്ള വാഹനങ്ങളിലാണ് ഈ പുതിയ മാറ്റം വരുന്നത്. പുതിയ മോഡലുകൾക്ക് പുറമെ, നിലവിൽ റോഡിലുള്ള അനുയോജ്യമായ വാഹനങ്ങളിലും ഇന്റർനെറ്റ് വഴിയുള്ള അപ്‌ഡേഷനിലൂടെ ഈ സേവനം ലഭ്യമാകും.
ഡ്രൈവർമാർക്ക് ഇനി പ്രത്യേക കമാൻഡുകൾ ഓർത്തുവെക്കാതെ തന്നെ വാഹനത്തോട് സംസാരിക്കാൻ സാധിക്കുമെന്നതാണ് ജെമിനിയുടെ പ്രധാന സവിശേഷത. ഗൂഗ്ൾ മാപ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ, 'ഉച്ചഭക്ഷണം കഴിക്കാൻ മനോഹരമായ ഒരിടം എവിടെയുണ്ട്?' എന്നോ, അടുത്തുള്ള പരിപാടികൾ ഗതാഗതത്തെ ബാധിക്കുമോ എന്നോ ജെമിനിയോട് ചോദിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ തത്സമയ മറുപടി ലഭിക്കും. കൂടാതെ, യാത്രക്കിടയിൽ വരുന്ന നീളമുള്ള സന്ദേശങ്ങൾ ഡ്രൈവർക്കായി ജെമിനി ചുരുക്കി വായിച്ചു കേൾപ്പിക്കുകയും സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സഹായിക്കുകയും ചെയ്യും. ഇതുവഴി റോഡിൽ നിന്ന് ശ്രദ്ധ മാറാതെ തന്നെ ആശയവിനിമയം നടത്താൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള 'ജെമിനി ലൈവ്' ഫീച്ചറിലൂടെ ഒരു സഹായിയോട് എന്നപോലെ തുടർച്ചയായി സംസാരിക്കാനും യാത്രാപദ്ധതികൾ തയാറാക്കാനും സാധിക്കും.
വാഹനത്തിന്റെ ആന്തരിക സംവിധാനങ്ങളുമായി ജെമിനി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. കാറിലെ താപനില ക്രമീകരിക്കുന്നത് മുതൽ ട്രങ്കിന്റെ ഉയരം മാറ്റുന്നത് വരെയുള്ള വാഹനസംബന്ധമായ സംശയങ്ങൾക്ക് കമ്പനിയുടെ മാനുവലുകൾ പരിശോധിച്ച് ജെമിനി കൃത്യമായ മറുപടി നൽകും. 'എനിക്ക് തണുക്കുന്നു' എന്ന് പറഞ്ഞാൽ മാത്രം മതി, ജെമിനി തനിയെ കാറിലെ താപനില കൂട്ടുകയോ ഡിഫ്രോസ്റ്റർ പ്രവർത്തിപ്പിക്കുകയോ ചെയ്യും. ഇലക്ട്രിക് വാഹന ഉടമകൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിൽ ബാറ്ററി ചാർജ് എത്രയുണ്ട്, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ എത്ര ചാർജ് ബാക്കിയുണ്ടാകും തുടങ്ങിയ വിവരങ്ങൾ ജെമിനി തത്സമയം നൽകും. ചാർജ് കുറവാണെങ്കിൽ അടുത്തുള്ള ചാർജിങ് സ്റ്റേഷനുകൾ നിർദേശിക്കുകയും ചെയ്യും. ഭാവിയിൽ ജിമെയിൽ, കലണ്ടർ, സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയുമായി കാറിലെ ജെമിനിയെ ബന്ധിപ്പിക്കാനാണ് ഗൂഗ്ൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.