ടെക് മേഖലയിൽ കൂട്ടപ്പിരിച്ചുവിടലിന്‍റെ കാലം; ഈ വർഷം മാത്രം തൊഴിൽ നഷ്ടമായത് 60,000ലധികം പേർക്ക്

മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗ്ൾ തുടങ്ങിയ വൻകിട ടെക് കമ്പനികൾ വീണ്ടും പിരിച്ചുവിടലിന് ഒരുങ്ങുകയാണ്. കോർപറേറ്റ് മേഖലയിലെ പിരിച്ചുവിടലുകൾ നിരീക്ഷിക്കുന്ന ലേ ഓഫ് ട്രാക്കറായ Layoffs.fyi വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഈ വർഷം ഇതുവരെ 130 സ്ഥാപനങ്ങളിലെ 60,000ലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏപ്രിലിൽ മാത്രം 26 കമ്പനികളിലായി 24,000 ജീവനക്കാരാണ് പിരിച്ചുവിടലിന് ഇരയായത്. ജോലികൾ വെട്ടികുറക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

2024ൽ 549 കമ്പനികളിലായി ഏകദേശം 1,50,000 തൊഴിൽ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. 2025 മേയ് മാസത്തിൽ വൻകിട ടെക് കമ്പനികളായ ആമസോൺ, ഗൂഗ്ൾ, മെറ്റ എന്നിവ ചില ഡിവിഷനുകളിൽ വെട്ടിക്കുറക്കലുകൾ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് 2023ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറക്കൽ നടത്തി. 6000ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടു.

പിരിച്ചുവിടലിന് പിന്നിൽ പ്രധാന കാരണം ടെക് മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) വരവാണെന്നാണ് കമ്പനികളുടെ പ്രതികരണം. ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കമ്പനികൾ എ.ഐ സങ്കേതങ്ങളെ കൂടുതലായി ഉപയോഗിക്കുകയാണ്.

കഴിഞ്ഞ മാസം ഗൂഗ്ൾ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നീ യൂണിറ്റുകളിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. മേയ് 13ന് മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരിൽ മൂന്ന് ശതമാനം പേരെ, അതായത് കുറഞ്ഞത് 6000 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോൺ മേയ് 14ന് 100 ജോലിക്കാരെയും പിരിച്ചുവിട്ടു.

Tags:    
News Summary - Big Tech Layoffs, More than 60,000 people have lost their jobs this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.