ആപ്പിളിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; പിരിച്ചുവിടൽ രണ്ടു മാസത്തിനിടെ രണ്ടാം തവണ

ന്യൂഡൽഹി: ഐഫോൺ നിർമാതാക്കളായ ആപ്പിളിൽ വീണ്ടും ജീവനക്കാരുടെ പിരിച്ചുവിടൽ. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് കമ്പനി ജീവനക്കാരെ കുറക്കുന്നത്. ആപ്പിളിന്റെ ഫിറ്റ്നസ് പ്ലസിൽ ഓഡിയോ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുന്നത്.

ആപ്പിളിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വർക്ക്ഔട്ട് സേവനമാണ് ഫിറ്റ്‌നസ് പ്ലസ്. ആപ്പിൾ ഫിറ്റ്നസ് പ്ലസിലെ ​ടൈം ടു ​വോക്ക്, ടൈം ടു റൺ തുടങ്ങിയ ഗൈഡഡ് ഓഡിയോ വർക്ക്‌ഔട്ട് ഫീച്ചറുകൾക്കായി പ്രവർത്തിച്ചിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചതെന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ എന്നാണ് വിവരം. ഫിറ്റ്നസ് പ്ലസിന്റെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുകയോ ആപ്പിൾ ഹെൽത്ത് ആപ്പുമായി സംയോജിപ്പിക്കുകയോ ചെയ്യുമെന്നാണ് വിവരം. അതേസമയം, ഫിറ്റ്നസ് പ്ലസിന്റെ സേവനം നിർത്തലാക്കാൻ തീരുമാനിച്ചതായി റി​​പ്പോർട്ടുകളില്ല.

ആഗസ്റ്റിൽ സിരി, വിഷൻ പ്രോ, എ.ഐയുമായി ബന്ധപ്പെട്ട സോഫ്റ്റ്​വെയർ ടീമുകളിലായി 200ഓളം ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടിരുന്നു. ആഗോള ടെക് കമ്പനികൾ എ.ഐയുടെ വരവോടെ ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറക്കുന്നുണ്ട്. എ.ഐ ഓട്ടോമേഷനിലേക്ക് മാറുന്നതോടെ സോഫ്റ്റ്​വെയർ എൻജിനീയർമാർ, എൻട്രി ലെവൽ ജീവനക്കാൻ എന്നിവരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കുന്നത്. നേരത്തേ, ടെക് ഭീമൻമാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ വൻതോതിൽ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. കൂടാതെ നോൺ ടെക് കമ്പനികളായ അഡിഡാസ്, ഊബർ എന്നിവയും ജീവനക്കാരുടെ എണ്ണം വൻതോതിൽ കുറച്ചിരുന്നു. 

Tags:    
News Summary - Apple Layoffs iPhone Maker Cuts Jobs Again in Second Round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.