നൈക്കിയുടെ ആൽഫ ഫ്ലൈ ഷൂ: കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യ
പ്രമുഖ കായിക വസ്ത്ര നിർമാതാക്കളായ നൈക്കിക്ക് ലോകമെമ്പാടും വലിയ ആരാധക വൃന്ദമാണുള്ളത്. നൈക്കി അവതരിപ്പിക്കുന്ന പ്രൊഡക്ടുകൾക്ക് വിപണിയിൽ മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോളിതാ സാങ്കേതികയുമായി കൈകോർത്ത് പുതിയ ഷൂ അവതരിപ്പിച്ചിരിക്കുകയാണ് നൈക്കി. നൂതന ബയോമെക്കാനിക്സ് ഗവേഷണത്തിന്റെയും മെക്കാനിക്കൽ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഷൂ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൈക്കി സ്പോർട് റിസർച്ച് ലാബാണ് ഷൂവിന്റെ സവിശേഷതകളും അത്‌ലറ്റുകളുടെ റണ്ണിംഗ് ഇക്കോണമി തമ്മിലുള്ള ബന്ധം കണ്ടെത്തുന്ന മെക്കാനിക്കൽ മോഡൽ വികസിപ്പിച്ചെടുത്തത്.
26,878 രൂപ വിലവരുന്ന ആൽഫ ഫ്ലൈ 4 ഒക്ടോബർ 29 മുതൽ വിപണിയിലെത്തും. പരമ്പരാഗത സൂംഎക്സ് ഫോമിനൊപ്പം പുതിയ ZoomX LT (ലൈറ്റ്‌വെയ്റ്റ്) ഫോമും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയ സൂംഎക്സിനെക്കാൾ 17 ശതമാനം ഭാരക്കുറവും 8 ശതമാനം കൂടുതൽ ഊർജ്ജവും ഇത് വാഗ്ദാനം ചെയ്യുന്നു.
പുരുഷന്മാരുടെ സൈസ് 10-ൽ 208 ഗ്രാമും, സ്ത്രീകളുടെ സൈസ് 8-ൽ 168 ഗ്രാമും മാത്രമാണ് ഇതിന്റെ ഭാരം. മുൻ പതിപ്പായ ആൽഫ ഫ്ലൈ 3-യേക്കാൾ 5 ശതമാനം ഭാരം കുറവാണ് ഇതിനുള്ളത്. ഓടുമ്പോഴുള്ള ശബ്ദം കുറക്കാൻ ലൈറ്റ് ഷോട്ട്, എയർ സൂം പോഡുകൾ എന്നിവ ഷൂവിൽ നൽകിയിട്ടുണ്ട്. ഇത് മത്സരവേളകളിൽ എതിരാളികളെ നിശബ്ദമായി മറികടക്കാൻ അത്‌ലറ്റുകളെ സഹായിക്കും. ലോകമെമ്പാടുമുള്ള വിവിധ തലത്തിലുള്ള കായികതാരങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഷൂവിന്റെ രൂപകൽപ്പന പൂർത്തിയാക്കിയിരിക്കുന്നത്.
കെന്നൻ മാരത്തൺ ഇതിഹാസം എലിയുഡ് കിപ്ചോഗെയുമായി ചേർന്ന് നൈക്കി നടത്തിയ Breaking2 പദ്ധതിയിൽ നിന്നാണ് ആൽഫ ഫ്ലൈയുടെ ചരിത്രം ആരംഭിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ മാരത്തൺ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒടുവിൽ 2019-ൽ വിയന്നയിൽ നടന്ന ഐനിയോസ് 1:59 ചലഞ്ചിൽ കിപ്ചോഗെ രണ്ട് മണിക്കൂറിനുള്ളിൽ മാരത്തൺ പൂർത്തിയാക്കിയതോടെ ആൽഫ ഫ്‌ളൈ ലോകശ്രദ്ധ നേടി. തുടർന്ന് 2020-ൽ നൈക്കി ഇത് ഔദ്യോഗികമായി വിപണിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.