ഇന്ത്യയിൽ സ്മാർട് ഫോൺ ഉപയോക്താക്കൾക്കിടയിലെ ഗെയിമിങ് അഡിക്ഷൻ വലിയ ചർച്ചയായിരിക്കെ, ഇതുസംബന്ധിച്ച പുതിയൊരു പഠനം പുറത്തുവന്നിരിക്കുന്നു. സൈബർ മീഡിയ റിസർച്ച് (സി.എം.ആർ) നടത്തിയ സർവേ പ്രകാരം, ജെൻ സീ തലമുറയിൽ 74 ശതമാനം പേരും ആഴ്ചയിൽ ആറ് മണിക്കൂറെങ്കിലും സ്മാർട് ഫോൺ ഗെയിമുകൾക്കായി സമയം ചെലവഴിക്കുന്നുവത്രെ.
മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 32 ശതമാനം പേരും ഗെയിമുകൾക്കായി ആഴ്ചയിൽ ആറ് മണിക്കൂർ സമയം നീക്കിവെക്കുന്നവരാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ഡൽഹി, മുംബൈ, ബംഗളൂരു, ഗുവാഹതി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, അഹ്മദാബാദ്, ഇന്ദോർ, ഗ്വാളിയോർ എന്നീ നഗരങ്ങളിലായി 1550 ഉപയോക്താക്കളിലാണ് സി.എം.ആർ സർവേ നടത്തിയത്.
മാസങ്ങൾക്ക് മുമ്പാണ്, കേന്ദ്ര സർക്കാർ വർധിച്ചുവരുന്ന ഗെയിം അഡിക്ഷനെക്കുറിച്ച മുന്നറിയിപ്പ് നൽകിയത്. കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്നതിനായി നിയമ നിർമാണം നടത്തുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
മൊബൈൽ ഉപയോക്താക്കളിൽ 72 ശതമാനം പേരും ഗെയിം ആപുകളും ഉപയോഗിക്കുന്നത് വിനോദത്തിനുവേണ്ടിയാണ്. എന്നാൽ, മാനസിക നിലവാരം വർധിപ്പിക്കുന്നതിനും മറ്റുമാണ് 52 ശതമാനം പേർ ഗെയിമുകളെ ആശ്രയിക്കുന്നത്. 26 ശതമാനം പേർ കളിയെ കാര്യമായി എടുക്കുന്നവരാണ്. ഫ്രീ ഫയർ പോലുള്ള ഗെയിമുകളാണ് അവരുടെ ഫേവററ്റ്.
ജെൻ ഇസഡ് തലമുറയുടെ ഗെയിം അഡിക്ഷൻ ഏറെ വലുതാണെന്നും സർവേ വ്യക്തമാക്കുന്നു. സ്ക്രീൻ ടൈമിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ആവശ്യകതയാണ് ഈ സർവേ ഊന്നിപ്പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.